മാധ്യമരംഗത്ത് വൻ പ്രതിസന്ധി; സെവൻ നെറ്റ്‌വർക്കിൽ ഇരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ഇതിന് പുറമെ കമ്പനിയുടെ കീഴിലുള്ള 'വെസ്റ്റ് ഓസ്‌ട്രേലിയൻ ന്യൂസ്‌പേപ്പേഴ്‌സിലെ' ചില ജീവനക്കാരോട് സ്വയം വിരമിക്കലിനുള്ള താല്പര്യം അറിയിക്കാനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Rohan Lund
Rohan LundPicture: Supplied
Published on

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രമുഖ മാധ്യമ ഭീമനായ സെവൻ നെറ്റ്‌വർക്കിന്റെ ടെലിവിഷൻ, പത്ര വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം ജീവനക്കാരുടെ തസ്തികകൾ റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നെറ്റ്‌വർക്കിന്റെ ടെലിവിഷൻ ന്യൂസ് റൂമിലെ ചില ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ഇതിനകം തന്നെ ലഭിച്ചതായി സിഡ്‌നിയിലെ 'ദി ഏജ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ കമ്പനിയുടെ കീഴിലുള്ള 'വെസ്റ്റ് ഓസ്‌ട്രേലിയൻ ന്യൂസ്‌പേപ്പേഴ്‌സിലെ' ചില ജീവനക്കാരോട് സ്വയം വിരമിക്കലിനുള്ള താല്പര്യം അറിയിക്കാനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

സെവൻ വെസ്റ്റ് മീഡിയയും സതേൺ ക്രോസ് ഓസ്റ്റീരിയോയും തമ്മിൽ ലയിച്ച് രൂപീകരിച്ച പുതിയ വലിയ മാധ്യമക്കമ്പനിയായ സതേൺ ക്രോസ് മീഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രോഹൻ ലണ്ട് ചുമതലയേറ്റ് ഒരു മാസം തികയുന്നതിന് മുൻപാണ് ഈ നീക്കങ്ങൾ. ചിലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനിയിൽ കൂടുതൽ ലളിതമായ കോർപ്പറേറ്റ് ഘടന കൊണ്ടുവരുമെന്ന് മംബ്രല്ല360 കോൺഫറൻസിൽ വെച്ച് രോഹൻ ലണ്ട് വ്യക്തമാക്കിയിരുന്നു. മുൻപ് കമ്പനിയുടെ റേഡിയോ വിഭാഗത്തിൽ നടന്ന പിരിച്ചുവിടലുകൾ വേദനാജനകമായിരുന്നുവെന്നും എന്നാൽ ബിസിനസ്സ് രംഗത്തെ ഇത്തരം പ്രതിസന്ധികൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള ടെക് ഭീമനായ ആമസോൺ പോലും 30,000 പേരെ പിരിച്ചുവിട്ടത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

നേരത്തെ, 400 മില്യൺ ഡോളറിന്റെ വമ്പൻ ലയനത്തിന് ശേഷം കമ്പനിയുടെ തലപ്പത്തെത്തിയ മുൻ സി.ഇ.ഓ ജെഫ് ഹോവാർഡ് കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രതീക്ഷിതമായി പദവി ഒഴിഞ്ഞിരുന്നു. തുടർന്ന് ബോർഡ് ചെയർമാൻ ഹെയ്ത്ത് മക്കേ-ക്രൂയിസ് താൽക്കാലിക ചുമതല ഏറ്റെടുക്കുകയും ആഗോള തലത്തിൽ പുതിയ സി.ഇ.ഓയ്ക്കായുള്ള തിരച്ചിൽ നടത്തി ഒടുവിലാണ് രോഹൻ ലണ്ടിനെ നിയമിച്ചതും. ബിസിനസ്സ് രംഗത്തെ പ്രതിസന്ധികളെ നേരിടാൻ കമ്പനിയുടെ സാമ്പത്തിക ചിലവുകൾ കൃത്യമായി പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും ഈ യാഥാർത്ഥ്യം ജീവനക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നിലവിലെ സി.ഇ.ഓ വ്യക്തമാക്കി.

Metro Australia
maustralia.com.au