ക്വീൻസ്‌ലൻഡിൽ ട്രെയിൻ പണിമുടക്ക്;ഇപ്‌സ്‌വിച്ച്, ക്ലീവ്‌ലാൻഡ് ലൈനുകളിൽ ബുധനാഴ്ച സർവീസ് തടസ്സപ്പെടും

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ക്വീൻസ്‌ലൻഡ് റെയിൽവേ തൊഴിലാളികൾ പണിമുടക്കുന്നു
ക്വീൻസ്‌ലൻഡിൽ ട്രെയിൻ പണിമുടക്ക്;ഇപ്‌സ്‌വിച്ച്, ക്ലീവ്‌ലാൻഡ് ലൈനുകളിൽ ബുധനാഴ്ച സർവീസ് തടസ്സപ്പെടും
ABC News: Christopher Gillette
Published on

ബ്രിസ്‌ബേൻ: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ക്വീൻസ്‌ലൻഡ് റെയിൽവേ തൊഴിലാളികൾ പണിമുടക്കുന്നു. ഏപ്രിൽ 1 ബുധനാഴ്ച ഇപ്‌സ്‌വിച്ച് (Ipswich), ക്ലീവ്‌ലാൻഡ് (Cleveland) ലൈനുകളിലെ ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഇപ്‌സ്‌വിച്ച് ലൈനിലെ ഡാറ (Darra) മുതൽ റോസ്‌വുഡ് (Rosewood) വരെയും, സെൻട്രൽ മുതൽ ക്ലീവ്‌ലാൻഡ് വരെയുമുള്ള ഭാഗങ്ങളിലാണ് ട്രെയിനുകൾ ഓടില്ലെന്ന് റെയിൽവേ വ്യക്തമാക്കിയത്. ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്നവർ മറ്റ് യാത്രാമാർഗ്ഗങ്ങൾ തേടണമെന്ന് നിർദ്ദേശമുണ്ട്.

കൽക്കരി, മിനറൽ ട്രെയിനുകളെ മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായ പ്രതിഷേധമാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും എന്നാൽ സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുകയാണെന്നും റെയിൽ ട്രാം ആൻഡ് ബസ് യൂണിയൻ (RTBU) കുറ്റപ്പെടുത്തി. പൂർണ്ണരൂപത്തിൽ ജോലി ചെയ്യാത്തവർക്ക് ശമ്പളം നൽകില്ലെന്ന് ക്വീൻസ്‌ലൻഡ് റെയിൽവേ അറിയിച്ചിട്ടുണ്ട്. ജനുവരി മുതൽ യൂണിയനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച ഫെയർ വർക്ക് കമ്മീഷനിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം പ്രഖ്യാപിച്ചത്.

ബുധനാഴ്ചത്തെ സമരത്തിന് പുറമെ, ഏപ്രിൽ 3 മുതൽ 26 വരെ ക്രോസ് റിവർ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കായി വിവിധ ലൈനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റർ അവധിക്കാലത്ത് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഈ നിയന്ത്രണങ്ങൾ വലിയ തിരിച്ചടിയാകും. സമരത്തെത്തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ റെയിൽവേ യാത്രക്കാരോട് ക്ഷമ ചോദിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au