

കുറ്റകൃത്യങ്ങളുടെ ഇരകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ക്വീൻസ്ലൻഡിലെ ലിബറൽ നാഷണൽ പാർട്ടി സർക്കാർ, തങ്ങളുടെ നയങ്ങളെ വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഭീഷണിയും സാമ്പത്തിക സമ്മർദവും പ്രയോഗിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. നിലവിലുള്ളതും മുൻകാലത്തേതുമായ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സേവന മേഖലയിലെ പ്രവർത്തകർ എന്നിവരുൾപ്പെടെ 20-ലധികം പേരുമായി നടത്തിയ അഭിമുഖങ്ങളിലാണ് ഈ ആരോപണങ്ങൾ ഉയർന്നത്. ക്വീൻസ്ലൻഡിലെ ആദ്യ സ്വതന്ത്ര വിക്ടിംസ് കമ്മീഷണറായ ബെക്ക് ഒ’കോണറിന്റെ രാജിയാണ് ഇതിന് പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിന്റെ കടുത്ത കുറ്റകൃത്യനിയന്ത്രണ നയങ്ങളെക്കുറിച്ച് അവർ നടത്തിയ പരിമിതവും വസ്തുതാധിഷ്ഠിതവുമായ വിമർശനങ്ങൾക്കു പിന്നാലെ സർക്കാർ അവരെ ലക്ഷ്യമിട്ടെന്നാണ് ആരോപണം.
കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മുതിർന്നവർക്കുള്ള ശിക്ഷ നൽകണമെന്ന സർക്കാരിന്റെ ‘അഡൾട്ട് ക്രൈം, അഡൾട്ട് ടൈം’ നയത്തെ വിമർശിച്ച ഒ’കോണർ, ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സാർവത്രിക മനുഷ്യാവകാശങ്ങളെ ഹനിച്ചുകൊണ്ടാകരുതെന്ന് പറഞ്ഞിരുന്നു. ഗാർഹിക പീഡനക്കേസുകളിൽ പോലീസിന് ഒരു വർഷം വരെ കാലാവധിയുള്ള സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകാനുള്ള പദ്ധതിയും അവർ വിമർശിച്ചു. 2025 ജൂലൈയിൽ കുറ്റകൃത്യങ്ങളുടെ ഇരകളെക്കുറിച്ചുള്ള കണക്കുകൾ സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ ഒ’കോണർ വീണ്ടും വിമർശനവുമായി രംഗത്തെത്തി. കണക്കുകൾ ഇരകളുടെ യഥാർഥ സാഹചര്യം പ്രതിഫലിപ്പിക്കുന്നില്ലെന്നും അടിസ്ഥാന കണക്കുകളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാട്ടിയ അവർ കുറ്റകൃത്യ വിവരങ്ങൾ ശേഖരിക്കാൻ സ്വതന്ത്ര അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ ഒ’കോണർ മുമ്പ് മേധാവിയായിരുന്ന ഗാർഹിക പീഡന പിന്തുണാ സേവനമായ ഡിവി കണക്ടിനെക്കുറിച്ചുള്ള പുറത്തുവിടാത്ത സർക്കാർ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നുവെന്നാണ് റിപ്പോർട്ട്. അന്നത്തെ ഗാർഹിക-കുടുംബ പീഡന പ്രതിരോധ മന്ത്രി അമാൻഡ കാം, ഒ’കോണർ സർക്കാരും സേവനവും തമ്മിലുള്ള വിശ്വാസബന്ധത്തിന് വലിയ കോട്ടമുണ്ടാക്കിയെന്ന് പാർലമെന്റിൽ ആരോപിച്ചു. മുഖ്യമന്ത്രി ഡേവിഡ് ക്രിസാഫുള്ളിയും അവർക്ക് മറുപടി പറയാനുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ റിപ്പോർട്ടുകൾ ചോർത്തിയത് ആരാണെന്നോ മന്ത്രിക്കും മുഖ്യമന്ത്രിക്കും അതേക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നോ വ്യക്തമല്ല. തെറ്റായ പ്രവൃത്തികൾ നടത്തിയെന്ന ആരോപണം ഒ’കോണർ നിഷേധിച്ചു. തുടർന്നുണ്ടായ സംഭവങ്ങൾക്കൊടുവിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ അവർ രാജിവെച്ചു.
സർക്കാരിനെ വിമർശിക്കുന്ന സംഘടനകൾക്ക് ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിയതായും ചില സാമൂഹിക സംഘടനകൾ ആരോപിക്കുന്നു. കുട്ടികളുടെ താമസപരിചരണ സേവനദാതാവായ നിക്കോൾ ഹേഗിന്റെ സംഘടന സർക്കാർ ‘നോട്ടി കോർണറിൽ’ ആക്കിയെന്നാണ് അവരുടെ ആരോപണം. ദുർബലരായ കുട്ടികളെ ചെലവ് കുറയ്ക്കാനുള്ള സാമ്പത്തിക ബാധ്യതയായി സർക്കാർ കാണുന്നുവെന്ന് വിമർശിക്കുന്ന കത്തിൽ ഒപ്പുവെച്ചതിനു പിന്നാലെ സർക്കാരിൽ നിന്നുള്ള റഫറലുകൾ നിലച്ചതായി അവർ പറഞ്ഞു. ഇതോടെ സംഘടന സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഹേഗ് വ്യക്തമാക്കി.
സർക്കാരിനെ വിമർശിച്ച മറ്റൊരു സംഘടനയായ യൂത്ത് അഡ്വക്കസി സെന്ററിന്റെ (YAC) ജാമ്യപിന്തുണാ പദ്ധതിക്കുള്ള ഫണ്ടും കഴിഞ്ഞയാഴ്ച വെട്ടിക്കുറച്ചു. സംഘടനയുടെ പ്രവർത്തനം വിജയകരമായിരുന്നിട്ടും ലക്ഷ്യങ്ങൾ കൈവരിച്ചിട്ടും ഫണ്ട് പിൻവലിച്ചത് പരസ്യ വിമർശനങ്ങളുടെ പേരിലാണെന്നാണ് സിഇഒ കാതറിൻ ഹെയ്സിന്റെ ആരോപണം. എന്നാൽ പദ്ധതിയുടെ കരാർ തുടരാനുള്ള അപേക്ഷ വിജയിച്ചില്ലെന്നും മറ്റൊരു സംഘടനയ്ക്കാണ് ചുമതല നൽകിയതെന്നും സർക്കാർ വിശദീകരിച്ചു. പുതിയ കരാറുകൾക്കായി അപേക്ഷിക്കുന്ന താമസപരിചരണ സേവനദാതാക്കളോട് സംസ്ഥാനത്തിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന വ്യവസ്ഥ ഉൾപ്പെടുന്ന രഹസ്യാത്മക കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നതും പരസ്യമായി സംസാരിക്കുന്നതും തടയാനാണ് നീക്കമെന്ന് ഹെയ്സ് വിമർശിച്ചു.
സർക്കാരിന്റെ സ്വതന്ത്ര നിരീക്ഷണ സംവിധാനങ്ങളെയും വിമർശകർ ചോദ്യം ചെയ്യുന്നു. ക്വീൻസ്ലൻഡ് ഫാമിലി ആൻഡ് ചൈൽഡ് കമ്മീഷനിലെ മുൻ ഫസ്റ്റ് നേഷൻസ് കോ-കമ്മീഷണർ നതാലി ലൂയിസിന്റെ പദവി ഉൾപ്പെടെ ചില സ്വതന്ത്ര പദവികൾ സർക്കാർ ഒഴിവാക്കി. ഗാർഹിക പീഡന പ്രതിരോധത്തിനും പോലീസ് പരിഷ്കരണത്തിനുമുള്ള ശുപാർശകളുടെ പുരോഗതി റിപ്പോർട്ട് ചെയ്യേണ്ട സ്വതന്ത്ര ഇംപ്ലിമെന്റേഷൻ കോ-ഓർഡിനേറ്ററുടെ ഓഫീസും അടച്ചുപൂട്ടി. 2024-ൽ അധികാരത്തിലെത്തിയ ഉടൻ ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങളുടെ ചരിത്രവും അനുഭവങ്ങളും രേഖപ്പെടുത്താനും മുറിവുകൾ പരിഹരിക്കാനുമുള്ള അന്വേഷണം സർക്കാർ അവസാനിപ്പിച്ചിരുന്നു. ഇത് ആദിവാസി ജനവിഭാഗങ്ങളുടെ ശബ്ദങ്ങളെ ഭരണസംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്ന വലിയ നീക്കത്തിന്റെ ഭാഗമാണെന്നാണ് ചില മുൻ ഉദ്യോഗസ്ഥരുടെ ആരോപണം.
മുൻ മനുഷ്യാവകാശ കമ്മീഷണർ സ്കോട്ട് മക്ഡൊഗൽ, മനുഷ്യാവകാശ സംരക്ഷണത്തിൽ കൂടുതൽ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന് പകരം മുൻ പോലീസ് ഉദ്യോഗസ്ഥയായ ഡെബി പ്ലാറ്റ്സിനെയാണ് സർക്കാർ നിയമിച്ചത്. ഏറ്റുമുട്ടലിനു പകരം സഹകരണത്തിനാണ് മുൻഗണനയെന്നായിരുന്നു ചുമതലയേറ്റപ്പോൾ പ്ലാറ്റ്സിന്റെ പ്രതികരണം. സർക്കാരിന്റെ നടപടികളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ പലരും ഭയപ്പെടുന്നുവെന്നും വിമർശനം ഉയർത്തിയാൽ ബന്ധങ്ങൾ തകരുമെന്നോ ഫണ്ട് നഷ്ടപ്പെടുമെന്നോ ആശങ്കയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബെക്ക് ഒ’കോണറിനോടുണ്ടായ സമീപനം തനിക്ക് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുവെന്ന് കാതറിൻ ഹെയ്സ് പറഞ്ഞു. ജനാധിപത്യത്തിൽ സർക്കാരിന്റെ നയങ്ങളെക്കുറിച്ച് തുറന്ന ചർച്ച നടത്തുന്നത് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. അതേസമയം, റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിഗമനങ്ങളും സർക്കാർ വക്താവ് ശക്തമായി തള്ളി. സർക്കാർ സേവനദാതാക്കളുടെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും യുവജന കുറ്റകൃത്യങ്ങൾ, ആരോഗ്യം, ഭവനം, ജീവിതച്ചെലവ് തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമാണ് പ്രകടനലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതെന്നും വക്താവ് പറഞ്ഞു.