

ഓസ്‌ട്രേലിയയിൽ പ്രകൃതിദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര ധനസഹായ ഘടനയിൽ മാറ്റം വരുത്താനുള്ള ഫെഡറൽ സർക്കാരിന്റെ നീക്കത്തിനെതിരെ ക്വീൻസ്ലാൻഡിലെ മുഴുവൻ മേയർമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകൃതിദുരന്ത നിവാരണ ഫണ്ടിൽ മാറ്റം വരുത്തുന്ന നിർദ്ദേശം ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 77 മേയർമാരും റേസിംഗ് ആൻഡ് ഓട്ടോമൊബൈൽ ക്ലബ് ഓഫ് ക്വീൻസ്ലാൻഡും (RACQ) ചേർന്ന് ഫെഡറൽ സർക്കാരിന് സംയുക്ത തുറന്ന കത്തയച്ചു.
നിലവിലെ സംവിധാനമനുസരിച്ച് ദുരന്ത പ്രതിരോധ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന 64 ശതമാനം ധനസഹായ വിഹിതം, പുതിയ 'ഡിസാസ്റ്റർ റിക്കവറി ഫണ്ടിംഗ് ഫ്രെയിംവർക്ക്' വഴി കേന്ദ്രവും സംസ്ഥാനവും 50-50 എന്ന് സമമായി പങ്കിടുന്ന രീതിയിലേക്ക് മാറ്റാനാണ് ഫെഡറൽ സർക്കാർ നിർദ്ദേശിക്കുന്നത്. എന്നാൽ ഓസ്‌ട്രേലിയയിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനമായ ക്വീൻസ്ലാൻഡിന് ഈ തീരുമാനം വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മേയർമാർ മുന്നറിയിപ്പ് നൽകുന്നു. ധനസഹായ വിഹിതം കുറയുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ വരാൻ കാരണമാകുമെന്നും, ഇത് പ്രാദേശിക കൗൺസിലുകളെയും ജനങ്ങളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുരന്തസാധ്യതയേറിയ മേഖലകളിൽ ഇൻഷുറൻസ് പ്രീമിയം തുക വൻതോതിൽ വർദ്ധിക്കാൻ ഈ നീക്കം ഇടയാക്കും. എന്നാൽ പ്രകൃതിദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ക്രമീകരിക്കുന്നതിനും ചുവപ്പുനാട കുരുക്കുകൾ ഒഴിവാക്കി അടിയന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. വരാനിരിക്കുന്ന മഴക്കാലത്തിനും കൊടുങ്കാറ്റ് സീസണിനും മുന്നോടിയായി കേന്ദ്ര നിലപാടിൽ മാറ്റമുണ്ടാകണമെന്നാണ് ക്വീൻസ്ലാൻഡിന്റെ ആവശ്യം.