

ബ്രിസ്ബേൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാന്റിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതായും ജയിൽമുക്തരാകുന്നവരിൽ പകുതിയോളം പേർ രണ്ട് വർഷത്തിനകം വീണ്ടും ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ തിരിച്ചെത്തുന്നതായും ഓഡിറ്റർ ജനറലിന്റെ പുതിയ റിപ്പോർട്ട്. തടവുകാരുടെ പുനരധിവാസവും അവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിൽ ക്വീൻസ്‌ലാന്റ് കറക്ടീവ് സർവീസസ് പരാജയപ്പെടുന്നതായി ഓഡിറ്റ് ഓഫീസ് ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് ക്വീൻസ്‌ലാന്റിലെ ജയിലുകളിൽ 11,278 തടവുകാരാണുള്ളത്. ഇത് കഴിഞ്ഞ ഒരു പതിറ്റാണ്ട് മുൻപത്തെക്കാൾ 54 ശതമാനം കൂടുതലാണ്. വരും വർഷങ്ങളിലും ഈ നിരക്ക് ഉയരുമെന്നും 2035 ജൂണോടെ 1,500 മുതൽ 5,200 വരെ അധിക തടവുകാർ ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നു. നിലവിൽ സംസ്ഥാനത്തെ 13 ഹൈ-സെക്യൂരിറ്റി ജയിലുകളിൽ 12 എണ്ണവും അതിന്റെ യഥാർത്ഥ ശേഷിയേക്കാൾ കൂടുതൽ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇത് ജീവനക്കാർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും സുരക്ഷാ ഭീഷണികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ലോക്യർ വാലിയിൽ പുതിയ ജയിൽ സ്ഥാപിക്കുകയും നിലവിലുള്ള സെല്ലുകളിൽ രണ്ടാമതൊരു ബെഡ് കൂടി സ്ഥാപിക്കുകയുമാണ് അധികൃതർ ചെയ്തത്.
കുറ്റകൃത്യങ്ങളിലേക്കുള്ള മടങ്ങിവരവും പിന്തുണയുടെ കുറവും:
റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 2022-23 കാലയളവിൽ ജയിൽ മോചിതരായവരിൽ 44 ശതമാനം പേരും രണ്ട് വർഷത്തിനുള്ളിൽ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്ത് ജയിലിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ വീടുപൊളിക്കൽ, വാഹന മോഷണം തുടങ്ങിയ പ്രോപ്പർട്ടി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് ജയിലിലേക്ക് വേഗത്തിൽ മടങ്ങിയെത്തുന്നത്. കൂടാതെ, ക്വീൻസ്‌ലാന്റിലെ ആദ്യകാല നിവാസികളായ 'ഫസ്റ്റ് നേഷൻസ്' തടവുകാരുടെ മടങ്ങിവരവ് നിരക്ക് 55 ശതമാനമാണ്; ഇത് മറ്റ് തടവുകാരെക്കാൾ (36 ശതമാനം) വളരെ കൂടുതലാണ്. നോർത്തേൺ ടെറിട്ടറി (60%), ന്യൂ സൗത്ത് വെയ്‌ൽസ് (50%) എന്നിവ മാത്രമാണ് ഈ അസമത്വത്തിൽ ക്വീൻസ്‌ലാന്റിന് മുന്നിലുള്ളത്.
തടവുകാർക്ക് ജയിൽ മോചനത്തിന് മുൻപ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാനപരമായ 'പ്രീ-റിലീസ് സപ്പോർട്ട്' നൽകുന്നതിൽ കടുത്ത വീഴ്ചയുണ്ടായതായി ഓഡിറ്റർ ജനറൽ കണ്ടെത്തി. 2024-25ൽ പകുതിയിൽ താഴെ തടവുകാർക്ക് മാത്രമാണ് ഇത്തരത്തിലുള്ള സഹായം ലഭിച്ചത്. തടവുകാർ ജയിലിൽ പ്രവേശിക്കുന്ന സമയം മുതൽ തന്നെ അവരുടെ പുനരധിവാസത്തിനായുള്ള ആസൂത്രണം തുടങ്ങണമെന്നതുൾപ്പെടെ 5 പ്രധാന ശുപാർശകൾ ഓഡിറ്റർ ജനറൽ മുന്നോട്ടുവെച്ചു. ഈ ശുപാർശകൾ പൂർണ്ണമായും അംഗീകരിക്കുന്നതായി വ്യക്തമാക്കിയ QCS കമ്മീഷണർ പോൾ സ്റ്റുവർട്ട് , തടവുകാർക്കായുള്ള വിദ്യാഭ്യാസ-പരിശീലന പരിപാടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചു.