

ക്വിൻസ്‌ലാൻഡിൽ തൊഴിലവസരങ്ങളുടെയും പുതിയ വ്യവസായങ്ങളുടെയും വളർച്ച ലക്ഷ്യമിട്ട് ലോകത്തിലെ മികച്ച പ്രതിഭകളെ ഉൾപ്പെടുത്തുന്നതിനായി നാഷണൽ ഇൻനൊവേഷൻ വിസയ്ക്കുള്ള (NIV) എക്സ്‌പ്രഷൻ ഓഫ് ഇന്ററെസ്റ്റ് ആരംഭിച്ചു. ബ്രിസ്‌ബേൻ 2032 ഒളിംപിക് മുന്നോട്ടുള്ള ഉണർവ്വിനോടൊപ്പം, ഗവേഷകർ, സംരംഭകർ, സൃഷ്ടിപരമായ പ്രതിഭകൾ, ഉയർന്ന നിലവാരത്തിലുള്ള കായികതാരങ്ങൾ എന്നിവർക്ക് ക്വിൻസ്‌ലാൻഡിലെ അവസരങ്ങളുമായി നേരിട്ടുള്ള ബന്ധം നൽകുകയാണ് ക്രിസഫുള്ളി സർക്കാർ.
ഗവേഷണം, സംരംഭകത്വം, നിക്ഷേപം, കല, കായികം തുടങ്ങിയ മേഖലകളിൽ ആഗോള നിലവാരത്തിൽ അംഗീകാരം നേടിയ അസാധാരണ പ്രതിഭകൾക്ക് സ്ഥിരതാമസത്തിലേക്കുള്ള ക്ഷണാടിസ്ഥാനത്തിലുള്ള മാർഗമാണ് നാഷണൽ ഇൻനൊവേഷൻ വിസ. ബിസിനസുകൾ ആരംഭിക്കുന്നതിനും, അത്യാധുനിക ഗവേഷണം നടത്തുന്നതിനും, പുതിയ വ്യവസായങ്ങൾ വളർത്തുന്നതിനും ലോകത്തിലെ ഏറ്റവും മികച്ചവരെ ക്വീൻസ്‌ലാൻഡിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
ലോകത്തിലെ മികച്ച പ്രതിഭകളെ ക്വിൻസ്‌ലാൻഡിലേക്ക് കൊണ്ടുവന്ന് ഒരു ശക്തമായ സാമ്പത്തിക വ്യവസ്ഥയിലൂടെ നല്ല ജീവിതനിലവാരം സൃഷ്ടിക്കാനാണ് സർക്കാർ ദൗത്യമെന്ന് ഫിനാൻസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് മന്ത്രി റോസ് ബേറ്റ്സ് പറഞ്ഞു.
നാഷണൽ ഇൻനൊവേഷൻ വിസ പ്രകാരം അപേക്ഷകരുടെ ആദ്യ ഘട്ടം എക്സ്‌പ്രഷൻ ഓഫ് ഇന്ററെസ്റ്റ് സമർപ്പിക്കലും, പിന്നീട് ക്വിൻസ്‌ലാൻഡ് സർക്കാരിന്റെ ക്ഷണം ലഭിച്ചാൽ മാത്രമേ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. രാജ്യത്ത് ആകെ 5,000 വിസകൾക്കാണ് അനുവദിച്ചിരിക്കുന്നത്.