

ബ്രിസ്ബേൻ: ക്വീൻസ്‌ലാന്റ് സംസ്ഥാനത്തിന്റെ രണ്ടാമത് ബജറ്റിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിനും ഡാമുകളുടെ നവീകരണത്തിനുമായി 545 മില്യൺ ഡോളറിന്റെ (ഏകദേശം 3,000 കോടിയിലധികം ഇന്ത്യൻ രൂപ) വൻ നിക്ഷേപം പ്രഖ്യാപിച്ച് ട്രഷറർ ഡേവിഡ് ജാനെറ്റ്സ്കി . സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അടുത്ത നാല് വർഷത്തിനുള്ളിൽ ബജറ്റ് സർപ്ലസിലേക്ക് മടങ്ങുന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് നൽകിയിട്ടില്ല.
പുതിയ പദ്ധതി പ്രകാരം സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാന്റിലെ പ്രമുഖ ഡാമുകളായ നോർത്ത് പൈൻ , ലേക്ക് മക്ഡൊണാൾഡ് എന്നിവയുടെ ജലസംഭരണ ശേഷി പൂർണ്ണതോതിലാക്കി മാറ്റും. നവീകരണ പ്രവർത്തനങ്ങൾക്കായി നോർത്ത് പൈൻ ഡാമിന്റെ സംഭരണശേഷി കഴിഞ്ഞവർഷം 54 ശതമാനമായും ലേക്ക് മക്ഡൊണാൾഡിന്റേത് 42 ശതമാനമായും കുറച്ചിരുന്നു. ഈ രണ്ട് ഡാമുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കുന്നതിലൂടെ ബിജെൽകെ-പീറ്റേഴ്സൺ ഡാമിന്റെ രണ്ടര ഇരട്ടി വലിപ്പമുള്ള ഒരു പുതിയ ഡാമിന് തുല്യമായ ജലസംഭരണം സാധ്യമാകുമെന്ന് ട്രഷറർ ചൂണ്ടിക്കാട്ടി. ഇത് സാധാരണ വീടുകളിലെ ആവശ്യങ്ങൾക്കും ഒപ്പം കാർഷിക മേഖലയ്ക്കും വലിയ തോതിൽ ഗുണം ചെയ്യും. പുതിയ ഡാം നിർമ്മാണത്തിനുള്ള സാധ്യതകൾ പഠിക്കാൻ വരും സാമ്പത്തിക വർഷത്തിൽ 'സെക്വാട്ടറിന്' 10 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം തർക്കത്തിലായിരുന്ന പാരഡൈസ് ഡാമിന്റെ പുനർനിർമ്മാണത്തിനായി 59.8 മില്യൺ ഡോളറും ബജറ്റിൽ മാറ്റിവെച്ചു.