

ബ്രിസ്ബേൻ: പ്രകൃതിരമണീയവും സൂര്യപ്രകാശത്താൽ സമൃദ്ധവുമായ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ്ൽ ചർമ്മ അർബുദം അതീവ ഗുരുതരമായ ഭീഷണിയാകുന്നതായി പുതിയ മെഡിക്കൽ പഠന റിപ്പോർട്ടുകൾ. ക്വീൻസ്‌ലാന്റിലെ 40-നും 69-നും ഇടയിൽ പ്രായമുള്ള മധ്യവയസ്കർ മാത്രം ചർമ്മ അർബുദ ചികിത്സയ്ക്കായി വർഷത്തിൽ ശരാശരി (15 ലക്ഷം) സർജറികൾക്കും പരിശോധനകൾക്കും വിധേയരാകുന്നുണ്ടെന്ന് 'ക്യുഐഎംആർ ബർഗോഫർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും' 'കാൻസർ കൗൺസിൽ ക്വീൻസ്‌ലാന്റും' സംയുക്തമായി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തെ ആകെ ആരോഗ്യ ബജറ്റിന്റെ 2.4 ശതമാനത്തോളം വരും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചർമ്മ അർബുദ പഠന പദ്ധതിയായ 'ക്യുസ്കിൻ' (QSkin)-ൽ ഉൾപ്പെട്ട 40,000-ത്തിലധികം ആളുകളുടെ എട്ട് വർഷത്തെ മെഡിക്കൽ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പഠനത്തിൽ പങ്കെടുത്തവരിൽ 71 ശതമാനം പേരും ചർമ്മ അർബുദവുമായി ബന്ധപ്പെട്ട പരിശോധനകൾ തേടിയവരാണ്. മൂന്നിലൊന്ന് ആളുകൾക്കും മെലനോമ ഇതര ചർമ്മ അർബുദങ്ങൾ ശരീരത്തിൽ നിന്നും സർജറിയിലൂടെ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. പ്രായം കൂടിയ പുരുഷന്മാർ, സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് ഉള്ളവർ എന്നിവരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ടിക് ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇൻഫ്ലുവൻസർമാർ 'സൺ ടാനിങ്' (Sun tanning - വെയിൽ കാഞ്ഞ് ചർമ്മത്തിന്റെ നിറം മാറ്റുന്നത്) ഫാഷനായി പ്രമോട്ട് ചെയ്യുന്നത് വരുംതലമുറകളിൽ രോഗബാധ വൻതോതിൽ വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് കാൻസർ കൗൺസിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ഡാനിയൽ ലിൻഡ്സെ (Dr Daniel Lindsay) മുന്നറിയിപ്പ് നൽകി.
കുറഞ്ഞ വെയിലും അപകടകരം; പ്രതിരോധ ക്യാമ്പയിനുകൾക്ക് ആഹ്വാനം:
ഇതോടൊപ്പം പുറത്തുവന്ന ക്യുഐഎംആർ ബർഗോഫറിന്റെ മറ്റൊരു പഠനം വർഷങ്ങളായുള്ള പരമ്പരാഗതമായ ധാരണകളെ തിരുത്തുന്നതാണ്. രാവിലെയും വൈകുന്നേരവുമുള്ള കട്ടി കുറഞ്ഞ വെയിൽ ചർമ്മത്തിന് ദോഷം ചെയ്യില്ലെന്ന ചിന്ത തെറ്റാണെന്ന് പ്രൊഫസർ റേച്ചൽ നീലിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണം തെളിയിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാൻ ശുപാർശ ചെയ്യുന്ന അളവിലുള്ള വെയിൽ മാത്രമാണ് പരീക്ഷണാർത്ഥികളുടെ ശരീരത്തിൽ ഏൽപ്പിച്ചതെങ്കിലും, ചർമ്മത്തിന് ചുവപ്പ് നിറം പോലും വരാത്ത സാഹചര്യത്തിൽ പോലും കോശങ്ങളിലെ ഡിഎൻഎ ഘടനയ്ക്ക് വ്യതിയാനം സംഭവിക്കുന്നതായി ബയോപ്സി പരിശോധനകളിൽ കണ്ടെത്തി.
ദിവസേന വെയിലിലേക്ക് ഇറങ്ങുമ്പോൾ ചുരുങ്ങിയ സമയത്തേക്ക് ആണെങ്കിൽ പോലും ഉണ്ടാകുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ കാലക്രമേണ അടിഞ്ഞുകൂടി ചർമ്മ അർബുദത്തിന് (Mutations) കാരണമാകുമെന്ന് സീനിയർ പ്രൊഫസർ ഡേവിഡ് വൈറ്റ്മാൻ (David Whiteman) വ്യക്തമാക്കി. അതിനാൽ വെയിലിന്റെ തീവ്രത കുറവാണെന്ന് കരുതി ജാഗ്രത കുറയ്ക്കരുത്. വീടിന് പുറത്തിറങ്ങുമ്പോൾ ദിവസേന 'സൺസ്‌ക്രീൻ' ഉപയോഗിക്കുന്നത് ശീലമാക്കണമെന്നും, കുടിയേറ്റക്കാർക്കും ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവർക്കും ഉൾപ്പെടെ വിവിധ ഭാഷകളിൽ കടുത്ത പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിനുകൾ സർക്കാർ തലത്തിൽ ശക്തമാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.