

ക്വീൻസ്‌ലൻഡിലെ ഫ്രേസർ കോസ്റ്റിൽ ഗാർഹിക പ്രശ്നത്തെക്കുറിച്ചുള്ള പരാതിയിൽ സ്ഥലത്തെത്തിയ പൊലീസുകാരന് വെടിയേറ്റു. സംഭവത്തെ തുടർന്ന് വീടിനുള്ളിൽ കഴിയുന്നെന്ന് കരുതുന്ന ആയുധധാരിയുമായി പൊലീസ് ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 5.45ഓടെ യെൻഗാരിയിലെ ഹൊറൈസൺ കോർട്ടിൽ ഒരു വീട്ടിൽ പ്രശ്നമുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസുകാർ സ്ഥലത്തെത്തിയതിന് പിന്നാലെ വീടിനുള്ളിലുണ്ടായിരുന്ന ഒരാൾ വെടിയുതിർക്കുകയും ഒരു പൊലീസുകാരന്റെ കാലിൽ വെടിയേൽക്കുകയും ചെയ്തു.
പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില സ്ഥിരമാണെന്ന് ക്വീൻസ്‌ലൻഡ് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് അടിയന്തര സാഹചര്യം പ്രഖ്യാപിച്ച് സുരക്ഷാ വളയം തീർത്തിട്ടുണ്ട്. ലേക്ക് ഡ്രൈവ്, മെഡോ ഡ്രൈവ്, മേരി വ്യൂ ഡ്രൈവ് എന്നിവ ഉൾപ്പെടുന്ന പ്രദേശത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാതെ സുരക്ഷിതമായി തുടരണമെന്നും പൊതുജനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്നും പൊലീസ് നിർദേശിച്ചു. വീടിനുള്ളിലുള്ളയാളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.