

ബ്രിസ്‌ബേൻ: തന്നെ വംശീയമായി ലക്ഷ്യം വെക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ക്വീൻസ്‌ലൻഡ് പോലീസിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ. ബ്രിസ്‌ബേന് വടക്കുള്ള ലോൺടണിൽ 2023 ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിംഗ് എന്ന് മാത്രം വെളിപ്പെടുത്തിയ ഡ്രൈവർ തന്റെ കാറിലിരുന്ന് അശ്ലീല പ്രവർത്തികൾ ചെയ്തു എന്നാരോപിച്ച് പ്രദേശവാസി പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഇയാൾ ഡ്രൈവറെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ സിംഗിനെതിരെയുള്ള കേസ് പിൻവലിച്ചു.
സംഭവം നടക്കുമ്പോൾ താൻ നാട്ടിലുള്ള സഹോദരിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടയിൽ കൈകൾ ചലിപ്പിച്ചത് പരാതിക്കാരൻ തെറ്റിദ്ധരിച്ചതാണെന്നും സിംഗ് വ്യക്തമാക്കി. പോലീസുകാർ എത്തിയപ്പോൾ തന്റെ ഫോൺ രേഖകൾ ഉൾപ്പെടെ കാണിച്ച് നിരപരാധിത്വം ബോധിപ്പിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല. പരാതിക്കാരനിൽ നിന്ന് മാത്രമല്ല, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നതായി സിംഗ് ആരോപിച്ചു. ഇന്ത്യക്കാർ 'ലൈംഗിക വൈകൃതമുള്ളവർ' (Perverts) ആണെന്ന് പോലീസുകാർ ആക്ഷേപിച്ചതായും അദ്ദേഹം 'ദി ഗാർഡിയനോട്' വെളിപ്പെടുത്തി.
തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വർഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നുവെന്നും ഈ കാലയളവിൽ വലിയ മാനസിക വിഷമം അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ വംശീയ വിവേചനത്തിനെതിരെയും തന്നെ അന്യായമായി വേട്ടയാടിയതിനെതിരെയുമാണ് സിംഗ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.