

ക്വീൻസ്ലൻഡിലെ ഫ്രേസർ കോസ്റ്റിൽ പ്രളയജലത്തിൽ വീണ് ക്ഷീരകർഷകനും മുൻ കൗൺസിലറും വൺ നേഷൻ പാർട്ടി സ്ഥാനാർഥിയുമായ ജെയിംസ് ഹാൻസൻ (57) മരിച്ചു. മേരിബറോയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ പടിഞ്ഞാറുള്ള ബൂംപയിലെ സ്വന്തം കൃഷിയിടത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് മിന്നൽ പ്രളയം അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബൂംപ റോഡിലെ സ്മതറിങ് ക്രീക്കിൽ വെള്ളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരസേന സ്ഥലത്തെത്തി. എന്നാൽ ഹാൻസൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഹാൻസന്റെ മുൻ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഫ്രേസർ കോസ്റ്റ് കൗൺസിലർ മിഷേൽ ബേൺ സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതികരിച്ചു. കുടുംബാംഗത്തെ ഇത്തരം സാഹചര്യങ്ങളിൽ നഷ്ടപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ പറഞ്ഞു.
വൂക്കൂ ഷയർ കൗൺസിലിൽ അംഗമായിരുന്ന ഹാൻസൻ, അത് ഫ്രേസർ കോസ്റ്റ് ഷയർ കൗൺസിലുമായി ലയിച്ചതിനുശേഷവും കൗൺസിൽ പ്രവർത്തനങ്ങളിൽ തുടർന്നു. 2024 വരെ അദ്ദേഹം കൗൺസിലിൽ സേവനമനുഷ്ഠിച്ചു. 2017ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മേരിബറോ മണ്ഡലത്തിൽ വൺ നേഷൻ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ലേബർ സ്ഥാനാർഥി ബ്രൂസ് സോണ്ടേഴ്സിനോട് പരാജയപ്പെട്ടു. പ്രദേശത്തെ അവസാനത്തെ ക്ഷീരകർഷകരിൽ ഒരാളായിരുന്ന ഹാൻസന് ഗ്രാമീണ സമൂഹവുമായി ശക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് ഫ്രേസർ കോസ്റ്റ് മേയർ ജോർജ് സെയ്മർ പറഞ്ഞു. കാർഷിക മേഖലയിലെ ഉൽപാദകരുടെ താൽപര്യങ്ങൾക്കായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തിയിരുന്നുവെന്നും സെയ്മർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് കൊറോണർക്ക് കൈമാറും. പ്രളയജലത്തിലൂടെ വാഹനമോടിക്കരുതെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
ക്വീൻസ്ലൻഡിൽ വ്യാപകമായി പ്രളയഭീഷണി
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ക്വീൻസ്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ അപകടകരമായ പ്രളയസാഹചര്യം തുടരുകയാണ്. സൗത്ത് ഡൗൺസ് മേഖലയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കുടുങ്ങിയ ആറു ക്യാംപർമാരെ തിങ്കളാഴ്ച രക്ഷപ്പെടുത്തി. 26നും 71നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ലെയ്ബേണിലെ ടുള്ളമാവിൽ റോഡിലുള്ള ക്യാംപ് പരിസരത്ത് കുടുങ്ങിയത്. ടൂവൂംബയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള പ്രദേശത്തായിരുന്നു സംഭവം. അതിവേഗ ജലരക്ഷാസംഘം ആറുപേരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.
സമീപത്തെ റോസെന്തൽ ഹൈറ്റ്സിൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായും ബൂനയ്ക്ക് സമീപമുള്ള ഡുഗൻഡനിൽ പ്രളയജലത്തിനിടയിലെ മണൽത്തിട്ടയിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷാസേന സഹായിച്ചതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച രാത്രിയും സെൻട്രൽ ഹൈലാൻഡ്സ് ആൻഡ് കോൾഫീൽഡ്സ്, സെൻട്രൽ വെസ്റ്റ്, കാപ്രിക്കോർണിയ, വൈഡ് ബേ ആൻഡ് ബർനെറ്റ്, മറനോവ ആൻഡ് വാർറേഗോ, ഡാർലിങ് ഡൗൺസ് ആൻഡ് ഗ്രാനൈറ്റ് ബെൽറ്റ് മേഖലകളിൽ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് നിലനിന്നിരുന്നു.
സൗത്ത് ഡൗൺസിന്റെ ചില ഭാഗങ്ങളിലും ലോക്കിയർ വാലിയിലെ ലെയ്ഡ്ലി, ഗ്ലെൻറോവ് ഗ്രോവ് പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പുകൾ തുടർന്നു. അതേസമയം, ഇപ്സ്വിച്ച്, ലോഗൻ, സീനിക് റിം, ഗോൾഡ് കോസ്റ്റ്, റെഡ്ലാൻഡ് സിറ്റി, ബ്രിസ്ബേൻ എന്നിവിടങ്ങളിലെ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ക്വീൻസ്ലൻഡിൽ കനത്ത മഴയാണ് ലഭിക്കുന്നത്. തെക്കുകിഴക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയപ്പോൾ സൺഷൈൻ കോസ്റ്റ് ഉൾപ്രദേശങ്ങളിൽ 500 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.
വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ കോഫ്സ് ഹാർബർ മുതൽ തെക്കുകിഴക്കൻ ക്വീൻസ്ലൻഡ് തീരം വരെയുള്ള വിശാലമായ മേഖലയിലും ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേരി, കൊണ്ടമൈൻ, വാർറേഗോ നദികളിൽ ഉൾപ്പെടെ പ്രധാന പ്രളയ മുന്നറിയിപ്പുകൾ തുടരുകയാണ്. ഞായറാഴ്ച ഉച്ചമുതൽ തിങ്കളാഴ്ച വരെ സംസ്ഥാന അടിയന്തരസേവന വിഭാഗത്തിന് 67 സഹായവിളികൾ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.25ന് വാർവിക്കിൽ പ്രളയജലത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സ്ത്രീയെ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തിയതും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ചയോടെ തെക്കുകിഴക്കൻ ക്വീൻസ്ലൻഡിലെ ശക്തമായ ഇടിമിന്നൽ സാധ്യത സംസ്ഥാനത്തിന്റെ മധ്യഭാഗത്തേക്ക് ചുരുങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുവരെ ശക്തമായ കാറ്റ്, ആലിപ്പഴം, കൂടുതൽ പ്രളയം എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.