

സിഡ്‌നി: കുറഞ്ഞ വിലയിൽ വിപണി കീഴടക്കുന്ന ചൈനീസ് ഇലക്ട്രിക്-ഹൈബ്രിഡ് കാറുകളുടെ കടുത്ത മത്സരത്തെ പ്രതിരോധിക്കാനാകാതെ പ്രമുഖ ഫ്രഞ്ച് വാഹന ബ്രാൻഡായ പ്യൂഷോ (Peugeot) ഓസ്‌ട്രേലിയയിലെ കാർ വിപണിയിൽ നിന്നും താൽക്കാലികമായി പിന്മാറുന്നു. പ്യൂഷോയുടെ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ഇറക്കുമതിക്കാരായ (Importer) 'ഇഞ്ച്കേപ്' (Inchcape), കമ്പനിയുമായുള്ള വിതരണ കരാർ 2027-ഓടെ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഫ്രഞ്ച് ബ്രാൻഡിന്റെ ഓസ്‌ട്രേലിയൻ ഭാവി അനിശ്ചിതത്വത്തിലായത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓസ്‌ട്രേലിയയിൽ പ്യൂഷോ കാറുകളുടെ വിൽപനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2005-ൽ 7,025 കാറുകൾ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം ഇത് വെറും 1,350 ആയി ചുരുങ്ങി. 2026-ലെ ആദ്യ അഞ്ച് മാസത്തെ കണക്കുകൾ പ്രകാരം വെറും 373 കാറുകൾ മാത്രമാണ് പ്യൂഷോയ്ക്ക് ഓസ്‌ട്രേലിയയിൽ വിതരണം ചെയ്യാനായത്. വിൽപന ഇതേ രീതിയിൽ തുടർന്നാൽ ഈ വർഷം ചരിത്രത്തിലാദ്യമായി വാർഷിക വിൽപന 1000-ൽ താഴേക്ക് പതിക്കും. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് 87 ശതമാനത്തിന്റെ കനത്ത തകർച്ചയാണ്. ഫ്രഞ്ച് ബ്രാൻഡുകളായ സിട്രോൺ (Citroen), പ്യൂഷോ എന്നിവയെ കൈവിട്ട ഇഞ്ച്കേപ് കമ്പനി, നിലവിൽ ഓസ്‌ട്രേലിയൻ വിപണിയിൽ വൻ മുന്നേറ്റം നടത്തുന്ന 'ദീപൽ' (Deepal), 'ഫോട്ടോൺ' (Foton) തുടങ്ങിയ ചൈനീസ് ബ്രാൻഡുകളിലേക്ക് തങ്ങളുടെ നിക്ഷേപം മാറ്റുകയാണ്.
ഓസ്‌ട്രേലിയൻ വിപണിയിലെ ഫ്രഞ്ച് കാറുകളുടെ വിഹിതം 2019-ന് ശേഷം പകുതിയായി കുറഞ്ഞപ്പോൾ, ചൈനീസ് കാറുകളുടെ ഇറക്കുമതി പത്തിരട്ടിയായി വർദ്ധിച്ചു. 2025-ൽ മാത്രം 2,20,000-ലധികം ചൈനീസ് വാഹനങ്ങളാണ് ഓസ്‌ട്രേലിയയിൽ വിറ്റുപോയത്. ഈ കടുത്ത പ്രതിസന്ധി മറികടക്കാൻ പ്യൂഷോയുടെ ആഗോള മാതൃ കമ്പനിയായ 'സ്റ്റെല്ലാന്റിസ്' (Stellantis) ചൈനീസ് കമ്പനിയായ 'ഡോങ്‌ഫെങ്' (Dongfeng), 'ലീപ്‌മോട്ടോർ' (Leapmotor) എന്നിവരുമായി ചേർന്ന് കുറഞ്ഞ ചെലവിൽ കാറുകൾ നിർമ്മിക്കാനുള്ള വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഇഞ്ച്കേപ് കമ്പനി പിന്മാറുമെങ്കിലും നിലവിലുള്ള പ്യൂഷോ കാർ ഉടമകളുടെ വാറന്റി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത എന്നിവയിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയൊരു വിതരണ ശൃംഖലയിലൂടെയും (Distribution network) പുതിയ ബിസിനസ്സ് പങ്കാളികളിലൂടെയും പിയൂഷെ ബ്രാൻഡ് പുത്തൻ മോഡലുകളുമായി ഓസ്‌ട്രേലിയയിൽ ശക്തമായി തിരിച്ചെത്തുമെന്ന് സ്റ്റെല്ലാന്റിസ് ഓസ്‌ട്രേലിയ വക്താവ് അറിയിച്ചു.