

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ തന്ത്രപ്രധാനമായ ബീറ്റലൂ ബേസിനിൽ (Beetaloo Basin) നിന്നുള്ള പ്രകൃതി വാതക ഖനനം അതിവേഗത്തിലാക്കാൻ മുൻഗണന നൽകിക്കൊണ്ട് കൺട്രി ലിബറൽ പാർട്ടി (CLP) സർക്കാർ പുറത്തിറക്കിയ പുതിയ 'കാലാവസ്ഥാ പ്രതിരോധ പദ്ധതി'ക്കെതിരെ പരിസ്ഥിതി-ആരോഗ്യ സംഘടനകൾ രംഗത്ത്. തിങ്കളാഴ്ച പുറത്തിറക്കിയ മൂന്ന് പേജുള്ള ഈ ഹ്രസ്വ രേഖയിൽ, 2050-ഓടെ രാജ്യം ലക്ഷ്യമിടുന്ന 'നെറ്റ് സീറോ' (Net Zero) കൈവരിക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എൻ.ടി സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, പദ്ധതിയിലെ നിർദ്ദേശങ്ങൾ മലിനീകരണം കൂട്ടാൻ മാത്രമേ സഹായിക്കൂ എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
ഡാർവിനിൽ നിന്നും 500 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബീറ്റലൂ ബേസിൻ ഓസ്‌ട്രേലിയക്ക് അടുത്ത 300 വർഷത്തേക്ക് ആവശ്യമായ ഇന്ധനം നൽകാൻ ശേഷിയുള്ള ഭീമൻ വാതക നിക്ഷേപമാണ്. ഇവിടെ നിന്നുള്ള ഇന്ധന ഉൽപ്പാദനം കൂട്ടുന്നത് വഴി നോർത്തേൺ ടെറിട്ടറിയിലും ഓസ്‌ട്രേലിയയിലുടനീളവും കുറഞ്ഞ ചിലവിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ, കൂടുതൽ വാതക ഖനനം നടത്തി കാലാവസ്ഥാ വ്യതിയാനത്തെ വഷളാക്കുന്ന ഒന്നാണോ കാലാവസ്ഥാ പദ്ധതി എന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ 'ക്ലൈമറ്റ് കൗൺസിൽ' സീനിയർ അഡ്വൈസർ ബെൻ മക്ലിയോഡ് ചോദിച്ചു. "ഇത് കത്തുന്ന വീടുകളിലെ തീ അണയ്ക്കാൻ ഡീസൽ ഒഴിച്ചുകൊടുക്കുന്നതിന് തുല്യമാണ്," അദ്ദേഹം പരിഹസിച്ചു.
'കുറഞ്ഞ മലിനീകരണ വാതകം' എന്ന വാദം കള്ളമെന്ന് ആക്ഷേപം:
വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ഈ പദ്ധതി കാർബൺ പുറന്തള്ളൽ ഘട്ടഘട്ടമായി കുറയ്ക്കാനുള്ളതാണെന്ന് പരിസ്ഥിതി മന്ത്രി ജോഷ്വ ബർഗോയ്ൻ പ്രസ്താവനയിലൂടെ അറിയിച്ചു. ബീറ്റലൂവിലെ വാതകത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് 1 മുതൽ 2 ശതമാനം വരെ മാത്രമാണെന്നും, മറ്റ് ഓസ്‌ട്രേലിയൻ ഇന്ധന സ്രോതസ്സുകളെ അപേക്ഷിച്ച് ഇത് 'ലോ-എമിഷൻ' ഗ്യാസ് ആണെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ കുറഞ്ഞ മലിനീകരണമുള്ള ഗ്യാസ് എന്നൊരു സാധനമില്ലെന്നും, ഇതിൽ നിന്നും പുറത്തുവരുന്ന മാരകമായ മീഥെയ്ൻ ( വാതകം മനുഷ്യന്റെ ആരോഗ്യത്തെയും പ്രകൃതിയെയും കടുത്ത രീതിയിൽ ദോഷകരമായി ബാധിക്കുമെന്നും 'ക്ലൈമറ്റ് ആൻഡ് ഹെൽത്ത് അലയൻസ്' ചീഫ് എക്സിക്യൂട്ടീവ് മിഷേൽ ഇസ്ലസ് മുന്നറിയിപ്പ് നൽകി.
ഇതൊരു കാലാവസ്ഥാ പദ്ധതിയല്ല, മറിച്ച് ഗ്യാസ് വ്യാപിപ്പിക്കാനുള്ള നയമാണെന്ന് ഗ്രീൻസ് പാർട്ടി വക്താവ് സുകി ഡോറസ്-വാക്കർ കുറ്റപ്പെടുത്തി. ഈയിടെയുണ്ടായ വൻ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് ആഴ്ചകളോളം ക്യാമ്പുകളിൽ കഴിയേണ്ടി വന്ന ഉൾനാടൻ ഗോത്രവിഭാഗങ്ങൾക്ക് സഹായകരമായ യാതൊന്നും ഈ പദ്ധതിയിലില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ സ്വന്തമായി മലിനീകരണ നിയന്ത്രണ നിയമങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത ഓസ്‌ട്രേലിയയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് നോർത്തേൺ ടെറിട്ടറി.