ഡിഫ്തീരിയ വ്യാപനം: പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ച് നോർത്തേൺ ടെറിട്ടറി ആരോഗ്യവകുപ്പ്

ഫെബ്രുവരി അവസാന വാരം മുതൽ ഡാർവിൻ, ടോപ്പ് എൻഡ്, കാതറിൻ മേഖലകളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും, മാർച്ച് 25-ന് മാത്രമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഡിഫ്തീരിയ
ഡിഫ്തീരിയ വ്യാപനംABC News: Xavier Martin
Published on

ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയെ പിടിച്ചുലയ്ക്കുന്ന ഡിഫ്തീരിയ രോഗബാധയുടെ തീവ്രത വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക രേഖകൾ പുറത്തായി. രോഗവ്യാപനം അതിരൂക്ഷമായ ശേഷമാണ് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതെന്ന് ചോർന്ന ഡാറ്റ വ്യക്തമാക്കുന്നു. ഫെബ്രുവരി അവസാന വാരം മുതൽ ഡാർവിൻ, ടോപ്പ് എൻഡ്, കാതറിൻ മേഖലകളിൽ ആഴ്ചതോറും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും, മാർച്ച് 25-ന് മാത്രമാണ് എൻ.ടി ഹെൽത്ത് പൊതുജനങ്ങൾക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ അവസാനത്തോടെയാണ് രോഗവ്യാപനം തടയാൻ നോർത്തേൺ ടെറിട്ടറി സർക്കാർ കേന്ദ്രസഹായം തേടിയതെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ വെളിപ്പെടുത്തിയിരുന്നു.

1991-ൽ ഔദ്യോഗികമായി രേഖപ്പെടുത്താൻ ആരംഭിച്ചതിന് ശേഷം ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും രൂക്ഷമായ ഡിഫ്തീരിയ വ്യാപനമാണിത്. രോഗബാധയുടെ പ്രാദേശിക വിവരങ്ങൾ കൃത്യമായി പുറത്തുവിടാൻ എൻ.ടി ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ വെസ്റ്റേൺ ഓസ്‌ട്രേലിയ, ക്വീൻസ്‌ലൻഡ്, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ സംസ്ഥാനങ്ങൾ രോഗബാധയുണ്ടായ തീയതികളും സ്ഥലങ്ങളും കൃത്യമായി പ്രസിദ്ധീകരിക്കുന്നുണ്ട്. രോഗബാധയെത്തുടർന്ന് നോർത്തേൺ ടെറിട്ടറിയിൽ ഇതുവരെ ഒരാൾ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ പ്രകാരം 2026-ൽ രാജ്യത്താകെ 260-ലധികം ഡിഫ്തീരിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 159 കേസുകൾ നോർത്തേൺ ടെറിട്ടറിയിലും, 102 എണ്ണം വെസ്റ്റേൺ ഓസ്‌ട്രേലിയയിലും രേഖപ്പെടുത്തിയിട്ടുണ്ട്. എൻ.ടി ആരോഗ്യ മന്ത്രി സ്റ്റീവ് എഡ്ജിംഗ്ടൺ നൽകിയ വിവരങ്ങൾ പ്രകാരം നോർത്തേൺ ടെറിട്ടറിയിൽ സ്ഥിരീകരിച്ച 163 കേസുകളിൽ 115 എണ്ണം ചർമ്മത്തെ ബാധിക്കുന്നതും 48 എണ്ണം ശ്വാസകോശത്തെ ബാധിക്കുന്നതുമാണ് രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ 7.2 മില്യൺ ഡോളറിന്റെ അടിയന്തിര ഫണ്ട് അനുവദിക്കുകയും വിപുലമായ വാക്സിനേഷൻ പ്രക്രിയ ആരംഭിക്കുകയും ചെയ്തതോടെ കഴിഞ്ഞ മൂന്ന് ആഴ്ചകളായി പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Metro Australia
maustralia.com.au