

നോർത്തേൺ ടെറിട്ടറിയിൽ (NT) കന്നുകാലി ഫാമുകളിലെ ഭൂമി വെട്ടിത്തെളിക്കുന്നതിന് നൽകുന്ന അനുമതികൾ വൻതോതിൽ വർധിച്ചതിൽ ആശങ്കയറിയിച്ച് പരിസ്ഥിതി സംഘടനകൾ. ഭൂമി വെട്ടിത്തെളിക്കൽ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നും പരിസ്ഥിതി സംരക്ഷണത്തിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഫിനോച്ചിയാരോയുടെ നേതൃത്വത്തിലുള്ള കൺട്രി ലിബറൽ പാർട്ടി (CLP) സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പരുത്തി, കാലിത്തീറ്റ തുടങ്ങിയ കൃഷികൾക്കായി കന്നുകാലി ഫാമുകളിലെ ഭൂമി വെട്ടിത്തെളിക്കാനുള്ള അനുമതികൾ ആറിരട്ടിയായി വർധിച്ചതായാണ് കണക്കുകൾ.
NT Pastoral Land Board പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024നും 2025നും ഇടയിൽ ഭൂമി വെട്ടിത്തെളിക്കാനുള്ള അനുമതി 470 ശതമാനം വർധിച്ചു. 2024ൽ 5,764 ഹെക്ടറായിരുന്ന അനുമതി ലഭിച്ച ഭൂമിയുടെ വിസ്തൃതി 2025ൽ 32,980 ഹെക്ടറായി ഉയർന്നു. ഭൂമി വെട്ടിത്തെളിക്കുന്നതിലെ ഈ വൻ വർധന ആശങ്കാജനകമാണെന്ന് Charles Darwin Universityയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ Brett Murphy പറഞ്ഞു. “ഭൂമി വെട്ടിത്തെളിക്കുന്നതിനെ നിയന്ത്രിക്കാൻ ശക്തമായ പരിസ്ഥിതി നിയമങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ ഈ കണക്കുകൾ ഇനിയും കുതിച്ചുയരുന്നത് തടയാൻ കാര്യമായ സംവിധാനങ്ങളില്ല,” അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷം മുമ്പ്, 2030ഓടെ കൃഷി 1,00,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനും രണ്ട് ബില്യൺ ഡോളറിന്റെ വ്യവസായമായി വളർത്താനുമുള്ള പദ്ധതി NT Farmers Associationയും നോർത്തേൺ ടെറിട്ടറി സർക്കാരും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൈവവൈവിധ്യ സംരക്ഷണത്തേക്കാൾ വ്യവസായ വളർച്ചയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും ആരോപിക്കുന്നു. 5,000 ഹെക്ടറിലധികം ഭൂമി വെട്ടിത്തെളിക്കാനുള്ള അപേക്ഷകൾ ടെറിട്ടറിയുടെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥ സർക്കാർ നീക്കിയതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഭൂമി വെട്ടിത്തെളിക്കാനുള്ള അപേക്ഷകൾ ഓരോന്നായി മാത്രമാണ് വിലയിരുത്തുന്നതെന്നും, ഇതുമൂലം ആകെ നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥയുടെ ആഘാതം കണക്കിലെടുക്കപ്പെടുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വംശനാശഭീഷണി നേരിടുന്ന Gouldian finch, Black-footed tree rat തുടങ്ങിയ ജീവിവർഗങ്ങളെ ബാധിക്കുന്ന തരത്തിൽ കർഷകർക്ക് ഇടപെടാൻ അനുമതി നൽകുന്ന രീതിയിൽ 2025ൽ സർക്കാർ വന്യജീവി നിയമങ്ങളിൽ മാറ്റം വരുത്തിയതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം ഇടപെടലുകൾക്ക് പ്രത്യേക വന്യജീവി പെർമിറ്റ് ആവശ്യമില്ലെന്നതാണ് വിമർശനം.
ഓസ്ട്രേലിയയിൽ തദ്ദേശീയ സസ്യജാലങ്ങളെ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങളില്ലാത്ത ഏക ഭരണപരിധിയാണ് നോർത്തേൺ ടെറിട്ടറിയെന്ന് Brett Murphy പറഞ്ഞു.“ജൈവവൈവിധ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന പ്രത്യേക ഭൂമി വെട്ടിത്തെളിക്കൽ നിയമങ്ങൾ ഇവിടെ ഇല്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും ദുർബലമായ ഭൂമി വെട്ടിത്തെളിക്കൽ നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്,” അദ്ദേഹം പറഞ്ഞു. Environment Centre NT (ECNT) ഡയറക്ടർ Bree Ahrens പറയുന്നതനുസരിച്ച്, ഭൂമി വെട്ടിത്തെളിക്കാൻ നിർദേശിക്കപ്പെട്ട പ്രദേശങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സാന്നിധ്യം പരിശോധിക്കണമെന്ന നിർബന്ധിത വ്യവസ്ഥയില്ല. അതിനാൽ വംശനാശ സാധ്യത വർധിപ്പിക്കുന്നതിൽ സർക്കാർ നടപടികൾക്കുള്ള പങ്ക് കൃത്യമായി വിലയിരുത്തപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.
“ശരാശരി ഭൂമി വെട്ടിത്തെളിക്കൽ അപേക്ഷകൾ പരിശോധിക്കുമ്പോൾ അറിയപ്പെടുന്ന ആവാസപരിധിയിൽ ഏകദേശം 12 വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ആഘാതങ്ങൾ കൃത്യമായി വിലയിരുത്തപ്പെടുന്നില്ല,” Ahrens പറഞ്ഞു. കന്നുകാലി ഫാമുകളിലെ വലിയ ഭൂമിപ്രദേശങ്ങൾ വെട്ടിത്തെളിക്കാനുള്ള അപേക്ഷകളിൽ പരമ്പരാഗത ഭൂവുടമകളുമായി മതിയായ കൂടിയാലോചന നടത്തുന്നില്ലെന്നും Northern Land Council ചെയർമാൻ Matthew Ryan ആരോപിച്ചു. “ഞങ്ങളുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ഭൂമി വെട്ടിത്തെളിക്കുന്നത് സസ്യജന്തുജാലങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ആശങ്കയുണ്ട്,” അദ്ദേഹം പറഞ്ഞു. ഭൂമിയും സസ്യജന്തുജാലങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പരമ്പരാഗത ഭൂവുടമകളുടെ തീരുമാനങ്ങൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടെറിട്ടറിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഭൂമി വെട്ടിത്തെളിച്ചതെന്ന് സർക്കാർ
ഭൂമി വെട്ടിത്തെളിക്കൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമോയെന്ന ചോദ്യത്തിന് നോർത്തേൺ ടെറിട്ടറി പരിസ്ഥിതി മന്ത്രി Josh Burgoyne മറുപടി നൽകിയത് ECNTയുടെ ആശങ്കകൾ ഭയപ്പെടുത്താനുള്ള ശ്രമം മാത്രമാണെന്നായിരുന്നു. “ടെറിട്ടറിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ വെട്ടിത്തെളിച്ചിട്ടുള്ളത്,” അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വത്തോടെയുള്ള വികസനത്തെയും ഫലപ്രദമായ പരിസ്ഥിതി നിയന്ത്രണങ്ങളെയും സർക്കാർ പിന്തുണയ്ക്കുന്നുവെന്നും സമ്പദ്വ്യവസ്ഥ പുനർനിർമിക്കാനും ടെറിട്ടറിയുടെ തനതായ ജീവിതശൈലി വീണ്ടെടുക്കാനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മൊത്തം ഭൂവിസ്തൃതിയിൽ എത്ര ശതമാനം വെട്ടിത്തെളിച്ചു എന്നതിനെ മാത്രം അടിസ്ഥാനമാക്കി പരിസ്ഥിതി ആഘാതം വിലയിരുത്തുന്നത് ശരിയായ രീതിയല്ലെന്ന് Brett Murphy പറഞ്ഞു.
“ഭൂമി വെട്ടിത്തെളിക്കൽ ഏറ്റവും കൂടുതലായി നടക്കുന്നത് ജൈവവൈവിധ്യം ഏറ്റവും ഉയർന്ന പ്രദേശങ്ങളിലാണ്. അതിനാൽ ടെറിട്ടറിയുടെ മൊത്തം വിസ്തൃതിയിൽ എത്ര ശതമാനം വെട്ടിത്തെളിച്ചു എന്നത് ശരിയായ താരതമ്യരീതിയല്ല,” അദ്ദേഹം പറഞ്ഞു. 2030ഓടെ ഒരു ലക്ഷം ഹെക്ടറിൽ വ്യാപക കൃഷി നടത്തുക എന്നത് ഒരു ലക്ഷ്യസൂചന മാത്രമാണെന്നും അത്രയും ഭൂമി വെട്ടിത്തെളിക്കാൻ മുൻകൂട്ടി അനുമതി നൽകിയെന്നല്ല അതിന്റെ അർഥമെന്നും NT Farmers Association ചീഫ് എക്സിക്യൂട്ടീവ് Andrew Bourne വ്യക്തമാക്കി. കൃഷിയുടെ ഉത്തരവാദിത്വത്തോടെയുള്ള വളർച്ചയെ സംഘടന പിന്തുണയ്ക്കുന്നുണ്ടെന്നും കൃഷിക്ക് അനുയോജ്യമായ എല്ലാ ഭൂമിയും വെട്ടിത്തെളിക്കാൻ അനുയോജ്യമാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്തേൺ ടെറിട്ടറിയിൽ എത്രത്തോളം ഭൂമി വികസനത്തിനായി വെട്ടിത്തെളിക്കാമെന്ന കാര്യത്തിൽ വ്യക്തമായ ദീർഘകാല കാഴ്ചപ്പാട് സർക്കാർ അവതരിപ്പിച്ചിട്ടില്ലെന്നാണ് Brett Murphyയുടെ വിമർശനം. “എത്രത്തോളം ഭൂമി വെട്ടിത്തെളിക്കുന്നത് അതിരുകടക്കലാണെന്ന് സർക്കാർ വ്യക്തമാക്കണം. ഭാവിയിൽ നമ്മുടെ ഭൂപ്രകൃതിയുടെ എത്ര ഭാഗം സംരക്ഷിക്കണം, എത്ര ഭാഗം വികസനത്തിനായി ഉപയോഗിക്കാം എന്നതിൽ വ്യക്തമായ പദ്ധതിയില്ല. ഈ ചർച്ചയ്ക്ക് നേതൃത്വം നൽകേണ്ടത് സർക്കാരാണ്,” അദ്ദേഹം പറഞ്ഞു.