

ഡാർവിൻ: പസഫിക് മേഖലയിൽ രൂപപ്പെട്ട നരെല്ലെ ചുഴലിക്കാറ്റ് അതീവ കരുത്തോടെ നോർത്തേൺ ടെറിട്ടറി തീരത്തേക്ക് അടുക്കുന്നു. വെള്ളിയാഴ്ച ക്വീൻസ്‌ലൻഡിലെ കേപ് യോർക്ക് പെനിൻസുലയിൽ കാറ്റഗറി 4 തീവ്രതയിൽ ആഞ്ഞടിച്ച കാറ്റ്, ഗൾഫ് ഓഫ് കാർപെന്റാരിയ കടന്നതോടെ കാറ്റഗറി 3 ആയി മാറിയിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെ നുമ്പുൽവാറിനും (Numbulwar) ബിറാനി ബിറാനിക്കും (Birany Birany) ഇടയിൽ കാറ്റ് കരതൊടുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) പ്രവചിക്കുന്നത്.
ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്ത് മണിക്കൂറിൽ 190 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി മരങ്ങൾ കടപുഴകാനും വൈദ്യുതി ബന്ധം തകരാറിലാകാനും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷക ഷെനാഗ് ഗാംബിൾ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തന്നെ തീരദേശ മേഖലകളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു തുടങ്ങും. നുമ്പുൽവാർ മുതൽ പോർട്ട് മക്ആർതർ വരെയുള്ള പ്രദേശങ്ങളിൽ നിലവിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് (Cyclone Warning) പുറപ്പെടുവിച്ചിട്ടുണ്ട്
കാറ്റിന്റെ പശ്ചാത്തലത്തിൽ നുമ്പുൽവാറിൽ നിന്ന് അഞ്ഞൂറോളം പേരെ വിമാനമാർഗ്ഗം ഡാർവിനിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗ്രൂട്ട് ഐലൻഡ് (Groote Eylandt), ബോറോലൂല (Borroloola) എന്നിവിടങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കിഴക്കൻ ആർനെം ലാൻഡിലെ ആദിവാസി മേഖലകളിൽ നിന്ന് നൂറോളം പേരെ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറ്റി. പലയിടങ്ങളിലും വീടുകൾ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവയല്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ജെംകോ (GEMCO) മാംഗനീസ് ഖനിയിലെ തൊഴിലാളികളെയും മുൻകരുതൽ എന്ന നിലയിൽ ഒഴുപ്പിച്ചു.
ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളത് ഡാർവിൻ റിവർ ഡാമിനെ (Darwin River Dam) സമ്മർദ്ദത്തിലാക്കുന്നുണ്ട്. നിലവിൽ 101 ശതമാനം നിറഞ്ഞ ഡാമിലെ പമ്പിംഗ് ഉപകരണങ്ങൾ കഴിഞ്ഞ ആഴ്ച പ്രളയത്തിൽ തകരാറിലായിരുന്നു. ഇത് ഡാർവിനിൽ ജലനിയന്ത്രണത്തിനും കുടിവെള്ള ജാഗ്രതയ്ക്കും കാരണമായിരുന്നു. കാതറിൻ (Katherine) നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ച പുലർച്ചെ ഡാർവിൻ എയർപോർട്ടിൽ മാത്രം രണ്ട് മണിക്കൂറിനുള്ളിൽ 123 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.