എഡിത്ത് ഫാൾസിൽ കാണാതായ 61കാരന്റെ മൃതദേഹം കണ്ടെത്തി

നാഷണൽ പാർക്കിലെ പ്ലഞ്ച് പൂളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; മരണം സംശയാസ്പദമല്ലെന്ന് പൊലീസ്.
എഡിത്ത് ഫാൾസിൽ കാണാതായ 61കാരന്റെ മൃതദേഹം കണ്ടെത്തി
ഡൊമിനിക് ഒ’കോണൽ (NT Police)
Published on

നോർത്തേൺ ടെറിട്ടറിയിലെ നിറ്റ്‌മിലുക്ക് നാഷണൽ പാർക്കിലെ എഡിത്ത് ഫാൾസിൽ നിന്ന് കാണാതായ 61കാരന്റെ മൃതദേഹം കണ്ടെത്തി. ഡൊമിനിക് ഒ’കോണൽ എന്നയാളെയാണ് പൊലീസ് ഡൈവേഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഞായറാഴ്ച ഭാര്യയ്ക്കൊപ്പമാണ് ഡൊമിനിക് എഡിത്ത് ഫാൾസ് സന്ദർശിച്ചത്. കാതറീനിന് സമീപമുള്ള നാഷണൽ പാർക്കിലെ ലോവർ പ്ലഞ്ച് പൂളിന് സമീപം ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. തുടർന്ന് പൊലീസ്, പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് എൻടി റേഞ്ചർമാർ എന്നിവർ വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ അദ്ദേഹത്തെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പൊലീസ് ഡൈവേഴ്സ് വെള്ളത്തിൽ തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് പ്ലഞ്ച് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവസമയത്ത് എഡിത്ത് ഫാൾസിലെ പ്ലഞ്ച് പൂളിലും പരിസരത്തുമായി നിരവധി പേർ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ പ്രദേശത്തുണ്ടായിരുന്നവരോട് അന്വേഷണവുമായി സഹകരിക്കാൻ പൊലീസ് നേരത്തെ അഭ്യർഥിച്ചിരുന്നു. ഡൊമിനിക്കിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് പൊലീസ് പിന്തുണ നൽകിവരികയാണ്. മരണത്തിൽ സംശയാസ്പദമായ സാഹചര്യമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൊറോണറിന് റിപ്പോർട്ട് സമർപ്പിക്കും.

Metro Australia
maustralia.com.au