സെൻട്രൽ കോസ്റ്റിൽ നാല് വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ; 32കാരിക്കെതിരെ കൊലക്കുറ്റം

മരിച്ച കുട്ടിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, നാല് വയസ്സുള്ള ആൺകുട്ടിയാണെന്നാണ് പൊലീസ് കരുതുന്നത്.
നാല് വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ; 32കാരിക്കെതിരെ കൊലക്കുറ്റം
പൊലീസ് സൂപ്രണ്ട് ചാഡ് ഗില്ലീസ് (9News)
Published on

ന്യൂ സൗത്ത് വെയിൽസ് സെൻട്രൽ കോസ്റ്റിൽ നാല് വയസ്സുള്ള ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 32 വയസ്സുള്ള സ്ത്രീയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ സ്ത്രീ സ്വമേധയാ വയോങ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും, പിന്നീട് നടത്തിയ സംഭാഷണത്തിനിടെ കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്ക ഉയർന്നതായി പൊലീസ് അറിയിച്ചു. തുടർന്ന് ക്ഷേമപരിശോധനയുടെ ഭാഗമായി വയോങ്ങിലെ ഒരു ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ കൈകളിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് കണ്ടെത്തിയത്. സംഭവസ്ഥലം ഏറെ ദാരുണമായിരുന്നുവെന്നും പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെയും ആംബുലൻസ് ജീവനക്കാരെയും പോലും അത് മാനസികമായി ബാധിച്ചതായും പൊലീസ് സൂപ്രണ്ട് ചാഡ് ഗില്ലീസ് പറഞ്ഞു. മരിച്ച കുട്ടിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, നാല് വയസ്സുള്ള ആൺകുട്ടിയാണെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായ സ്ത്രീ കുട്ടിക്ക് പരിചയമുള്ള ആളാണെന്നും ഇരുവരും ഒരേ വീട്ടിൽ താമസിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് നിരവധി തെളിവുകൾ പൊലീസ് ശേഖരിച്ചു. സ്ത്രീ പൊലീസ് സ്റ്റേഷനിലെത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്ത്രീയെ അറസ്റ്റ് ചെയ്ത് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലക്കുറ്റം ചുമത്തി. ജാമ്യം നിഷേധിച്ച ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

"ഒരു കുട്ടി അക്രമത്തിനിരയായി കൊല്ലപ്പെടുമ്പോൾ അത് മുഴുവൻ സമൂഹത്തെയും ബാധിക്കുന്ന സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആ കുട്ടിയോടുള്ള നമ്മുടെ കടമയാണ്," എന്ന് സൂപ്രണ്ട് ഗില്ലീസ് പറഞ്ഞു.

Metro Australia
maustralia.com.au