സിഡ്നിയിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം; 71കാരൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

The Oaks Tigersയും Campbelltown Collegiansയും തമ്മിലുള്ള മത്സരത്തിനിടെ കാണികൾ തമ്മിൽ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലും ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.
ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കൂട്ടത്തല്ല്; 71കാരൻ ഉൾപ്പെടെ 6 പേർക്ക് കേസ്
71കാരനും 46കാരനും സെപ്റ്റംബർ 17ന് പിക്ടൺ കോടതിയിൽ ഹാജരാകണം.(Supplied)
Published on

സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 71കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കുറ്റം ചുമത്തി. ജൂലൈ 19ന് ഡഡ്ലി ചെസൻ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന അണ്ടർ-18 മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. The Oaks Tigersയും Campbelltown Collegiansയും തമ്മിലുള്ള മത്സരത്തിനിടെ കാണികൾ തമ്മിൽ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലും ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 71, 46, 44, 40, 21, 18 വയസ്സുള്ള ആറ് പേർക്കെതിരെ affray കുറ്റം ചുമത്തി. 71കാരനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയെന്ന അധിക കുറ്റവും ചുമത്തിയിട്ടുണ്ട്. 71കാരനും 46കാരനും സെപ്റ്റംബർ 17ന് പിക്ടൺ കോടതിയിൽ ഹാജരാകണം. മറ്റ് നാല് പേർ സെപ്റ്റംബർ 10ന് കോടതിയിൽ ഹാജരാകും.

സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള മൂന്ന് ആൺകുട്ടികൾക്കെതിരെയും Young Offenders Act പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ നിരവധി കാണികൾ പരസ്പരം മർദിക്കുന്നതും തുടർന്ന് ക്യാമ്പ്ബെൽടൗൺ കളിക്കാർ ഗ്രൗണ്ടിന്റെ അതിർത്തി കടന്ന് സംഘർഷത്തിൽ ചേരുന്നതും കാണാം. പിന്നീട് സംഘർഷം കളിക്കളത്തിലേക്കും വ്യാപിക്കുകയും ടൈഗേഴ്സ് ടീമിലെ ചില കളിക്കാരും മർദനത്തിൽ ഏർപ്പെടുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷത്തിൽ 71കാരന് വാരിയെല്ലുകൾ ഒടിയുകയും മുഖത്ത് ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ സഹായിക്കാനായി ഓടിയെത്തിയ 21കാരിയായ യുവതിക്കും തലയിൽ മർദനമേറ്റതായി റിപ്പോർട്ടുണ്ട്.

"മുതിർന്നവർ കുട്ടികളെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നത് എങ്ങനെ അംഗീകരിക്കാനാകും?" സംഭവത്തിന് സാക്ഷിയായ ഒരാൾ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു ടീമുകളെയും സസ്പെൻഡ് ചെയ്തതായി NSW Rugby League അറിയിച്ചു. ഇതോടെ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇരു ടീമുകൾക്കും കളിക്കാൻ കഴിയില്ലെന്നാണ് സൂചന.

Metro Australia
maustralia.com.au