

ന്യൂ സൗത്ത് വെയിൽസിലെ സതേൺ ഹൈലാൻഡ്സ് വനമേഖലയിൽ കാണാതായ 18കാരി ലില്ലി ഹൂപ്പറിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ലില്ലിയെ കണ്ടെത്താനാകാത്തതിൽ ആശങ്ക ശക്തമാകുന്നതിനിടെ, നല്ല വാർത്തയ്ക്കായി പ്രാർഥിക്കുകയാണെന്ന് NSW പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. ബുധനാഴ്ച ഓക്‌ഡെയിലിലെ വീട്ടിൽ നിന്ന് ഹൈക്കിങ്ങിനായി പോയ ലില്ലി പിന്നീട് തിരിച്ചെത്തിയില്ല. നട്ടായി നാഷണൽ പാർക്കിലെ ബോന്നം പിക് വാക്കിംഗ് ട്രെയിലിന് സമീപമാണ് യുവതിയുടെ കാർ കണ്ടെത്തിയിരുന്നു. പരിചയസമ്പന്നനായ ബുഷ്‌വോക്കർ മാൽക്കം ഹ്യൂസ് പ്രദേശം അപകടസാധ്യതയേറിയതാണെന്ന് മുന്നറിയിപ്പ് നൽകി. 60 മീറ്ററോളം ആഴമുള്ള കുത്തനെയുള്ള ഇടിവുകളും വളരെ ഇടുങ്ങിയ പാതകളും പ്രദേശത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാൽ ലില്ലിക്ക് അപകടം സംഭവിച്ചിട്ടുണ്ടാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
NSW Ambulance, State Emergency Service (SES), NSW Police Rescue Unit, Lifesaver Helicopter, Rural Fire Service ഡ്രോണുകൾ തുടങ്ങിയ നിരവധി രക്ഷാപ്രവർത്തക സംഘങ്ങളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. “ആ യുവ ഹൈക്കറുടെ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം. ഇത് അവർക്കെത്രത്തോളം വേദനാജനകവും ആശങ്ക നിറഞ്ഞതുമായ സമയമാണെന്ന് ഞങ്ങൾക്കറിയാം,” മിൻസ് പറഞ്ഞു. കാലാവസ്ഥ നിലവിൽ അനുകൂലമാണെന്നും തെളിഞ്ഞ ആകാശം രക്ഷാപ്രവർത്തകർക്ക് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ലില്ലി അവസാനമായി വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഷർട്ടും ഷോർട്ട്സുമാണ് ധരിച്ചിരുന്നതെന്നാണ് വിവരം. പ്രദേശത്തെ രാത്രികാല താപനില ഏകദേശം 3 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതിനാൽ, മതിയായ സംരക്ഷണ വസ്ത്രങ്ങളില്ലാതെ വനമേഖലയിൽ കഴിയുന്നത് അപകടകരമാണെന്ന് ഹ്യൂസ് മുന്നറിയിപ്പ് നൽകി. “സംരക്ഷണ വസ്ത്രങ്ങളില്ലാതെ അവിടെ കഴിയുന്ന ഒരാൾക്ക് ഇത് നല്ല സാഹചര്യമല്ല. വഴിതെറ്റുകയോ അപകടത്തിൽപ്പെടുകയോ ചെയ്യാൻ സാധ്യതയുള്ള വളരെ ബുദ്ധിമുട്ടുള്ള പ്രദേശമാണിത്,” അദ്ദേഹം പറഞ്ഞു.
ലില്ലി പരിശീലനം നടത്തുന്ന സ്മീറ്റൺ ഗ്രേഞ്ചിലെ Bujutsu Martial Arts and Fitness Centre ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ചു. കാണാതാകുന്നതിന് മുൻപ് രാത്രിയിലും ലില്ലി പരിശീലന ക്ലാസിൽ പങ്കെടുത്തിരുന്നുവെന്ന് സെന്റർ അറിയിച്ചു. “ഒരു ഹൈക്കിങ് അപകടത്തെ അതിജീവിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് ലില്ലിയാണ്. അവൾ വളരെ കരുത്തുള്ള പെൺകുട്ടിയാണ്,” സെന്റർ കുറിച്ചു. തിരച്ചിൽ തുടരുന്നതിനിടെ ലില്ലിയുടെ കുടുംബവും സുഹൃത്തുക്കളും അവളെ സുരക്ഷിതമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്.