മുൻ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ പ്രൊഫസർ റിച്ചാർഡ് സ്കോളിയർ അന്തരിച്ചു

സ്വന്തം രോഗചികിത്സയ്ക്കായി മെലനോമ ഗവേഷണത്തിൽ നിന്നുള്ള അറിവ് ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ പരീക്ഷണ ചികിത്സയ്ക്ക് അദ്ദേഹം വിധേയനായിരുന്നു.
മുൻ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ പ്രൊഫസർ റിച്ചാർഡ് സ്കോളിയർ അന്തരിച്ചു
(nna\mikala.theocharous)
Published on

സിഡ്നി: ലോകപ്രശസ്ത മെലനോമ ഗവേഷകനും മുൻ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ ജേതാവുമായ പ്രൊഫസർ റിച്ചാർഡ് സ്കോളിയർ (59) അന്തരിച്ചു. അദ്ദേഹത്തിന് 2023-ൽ ഗുരുതരമായ മസ്തിഷ്കാർബുദമായ ഗ്ലിയോബ്ലാസ്റ്റോമ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഡോക്ടർമാർ ഏതാനും മാസങ്ങൾ മാത്രമാണ് ആയുസ് പ്രവചിച്ചിരുന്നതെങ്കിലും, പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയിലൂടെ അദ്ദേഹം പ്രതീക്ഷിച്ചതിലും ഏറെക്കാലം ജീവിച്ചു.

മുൻ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ പ്രൊഫസർ റിച്ചാർഡ് സ്കോളിയർ അന്തരിച്ചു

സ്വന്തം രോഗചികിത്സയ്ക്കായി മെലനോമ ഗവേഷണത്തിൽ നിന്നുള്ള അറിവ് ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ പരീക്ഷണ ചികിത്സയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. ഈ ചികിത്സ പിന്നീട് മസ്തിഷ്കാർബുദ ഗവേഷണത്തിന് പുതിയ പ്രതീക്ഷകൾ നൽകുകയും ചെയ്തു. മെലനോമ ഗവേഷണ രംഗത്തെ മുൻനിര ശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന സ്കോളിയർ ലോകത്തിലെ ഏറ്റവും വലിയ മെലനോമ ബയോബാങ്ക് സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 800-ലധികം ശാസ്ത്രീയ പഠനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം മെലനോമ ചികിത്സാരംഗത്തെ ഗവേഷണങ്ങൾക്ക് നൽകിയ സംഭാവനകളുടെ പേരിൽ സഹപ്രവർത്തകയായ പ്രൊഫസർ ജോർജിന ലോങ്ങിനൊപ്പം 2024-ലെ ഓസ്ട്രേലിയൻ ഓഫ് ദ ഇയർ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഭാര്യ ഡോ. കേറ്റി നിക്കോളും മൂന്ന് മക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. ശാസ്ത്രരംഗത്തും കാൻസർ ഗവേഷണത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം ഓർമ്മിക്കപ്പെടുമെന്ന് സഹപ്രവർത്തകരും ആരോഗ്യവിദഗ്ധരും അനുസ്മരിച്ചു.

Metro Australia
maustralia.com.au