

ജീവൻ രക്ഷിക്കാനായി പാപുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് വിമാനത്തിൽ കൊണ്ടുവന്ന ഇരട്ടക്കുട്ടികളിൽ ഒരാൾ അടിയന്തര ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. സിഡ്‌നി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഞായറാഴ്ച ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോൾ ടോമിനും സാവോങ്ങിനും ഏകദേശം രണ്ട് മാസം പ്രായമായിരുന്നു. ഇരട്ടകളിൽ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്ന ടോം മരിച്ചു. അതേസമയം സാവോങ് രക്ഷപ്പെട്ടു. സാവോങ്ങിന്റെ അവസ്ഥ ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണ്, ഇപ്പോൾ തീവ്രപരിചരണത്തിലാണ്. ആമാശയത്തിലെ ദ്വാരം അടയുന്നതുവരെ കുഞ്ഞ് അടുത്ത കുറച്ച് മാസങ്ങൾ സിഡ്‌നിയിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. "ആദ്യ ദിവസം, അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടായി. കഴിയുന്നത്ര വേഗത്തിൽ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നു," -എന്ന് കുടുംബത്തോടൊപ്പമുള്ള മെഡെവാക് പൈലറ്റ് ജർഗൻ റൂഹ് 9news.com.au യോട് പറഞ്ഞു.
ഒക്ടോബർ 9 നാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. എന്നാൽ കരൾ, മൂത്രസഞ്ചി, ദഹനനാളം എന്നിവയുൾപ്പെടെ നിരവധി നിർണായക അവയവങ്ങൾ ഇരുവരും പങ്കിടുന്ന നിലയിലായിരുന്നു. ടോമിന് ജന്മനാ ഹൃദയ വൈകല്യവും ഒരു വൃക്കയും ഉൾപ്പെടെ മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. 200,000 സംയോജിത ഇരട്ടകളിൽ ഒരാൾ മാത്രമേ ജീവനോടെ ജനിക്കുന്നുള്ളൂ എന്നതിനാൽ, കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആവശ്യമായ സി-സെക്ഷൻ പ്രാദേശിക ആശുപത്രിക്ക് നടത്താൻ കഴിയുന്നത് ഭാഗ്യമാണെന്ന് റൂഹ് പറഞ്ഞു. ചേർന്ന് ജനിച്ച സഹോദരങ്ങൾ ആഴ്ചകളായി പോർട്ട് മോർസ്ബിയിൽ ചികിത്സയിലായിരുന്നു, പക്ഷേ ആശുപത്രിക്ക് ശസ്ത്രക്രിയ നടത്താൻ കഴിയില്ലായിരുന്നു. അതിനാൽ അവരുടെ മാതാപിതാക്കൾ ഓസ്‌ട്രേലിയ, ജർമ്മനി, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് സഹായം തേടിയിരുന്നു.
മാതാപിതാക്കൾ ഇരുവരേയും ജർമ്മനിക്ക് കൊണ്ട് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനിടയിലാണ് വ്യാഴാഴ്ച ടോമിന്റെ ആരോഗ്യം വഷളായത്. ഉടനെ ഇരട്ടകളെ അടുത്തുള്ള സിഡ്‌നിയിലേക്ക് കൊണ്ടുവരികയായിരുന്നു. സിഡ്നി ചിൽഡ്രൻസ് ഹോസ്പിറ്റൽസ് നെറ്റ്‌വർക്കിലെ സ്പെഷ്യലിസ്റ്റുകൾ ട്രാൻസ്ഫറിന് സഹായിച്ചു. അതേസമയം ഓസ്‌ട്രേലിയൻ സർക്കാർ മെഡിക്കൽ ബില്ലുകൾ വഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.