

സിഡ്നി: ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കർശനമായ തോക്ക് നിയന്ത്രണങ്ങളും പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ പോലീസിന് അസാധാരണ അധികാരങ്ങളും നൽകുന്ന നിയമഭേദഗതികൾ ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് പാസാക്കി. ക്രിസ്മസ് ഈവിന്റെ പുലർച്ചെവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് നിയമം പാസായത്.
തോക്ക് നിയമങ്ങൾ ശക്തമാക്കുകയും പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്ന ബിൽ അപ്പർ ഹൗസിൽ 18-നെതിരെ 8 വോട്ടുകൾക്ക് അംഗീകരിച്ചു. ലിബറൽ പാർട്ടി സർക്കാരിനൊപ്പം വോട്ട് ചെയ്തപ്പോൾ നാഷണൽസ് പാർട്ടിയും ഷൂട്ടേഴ്‌സ് പാർട്ടിയും മറ്റ് ക്രോസ്ബെഞ്ച് അംഗങ്ങളും ബില്ലിനെ എതിർത്തു.
ഗൺ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെ പിന്തുണച്ചെങ്കിലും പ്രതിഷേധ നിയന്ത്രണങ്ങൾ “ജനാധിപത്യ അവകാശങ്ങൾക്കുള്ള ആക്രമണമാണെന്ന്” ചൂണ്ടിക്കാട്ടി ഗ്രീൻസ് പാർട്ടി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. എന്നാൽ ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്ക് ആയുധ അനുമതി നൽകുന്നതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രധാന ഭേദഗതി ഗ്രീൻസ് അവതരിപ്പിച്ചു.
ആ ഭേദഗതിയാണ് രണ്ട് ദിവസത്തെ ശക്തമായ ചർച്ചകൾക്കിടയിൽ പാർലമെന്റിന്റെ ഇരുഭവനങ്ങളിലും ഏകകണ്ഠമായി അംഗീകരിക്കപ്പെട്ട ഏക ഭേദഗതി.
നിയമനിർമാണ നടപടിയുടെ ഭാഗമായി ബിൽ ഇനി ലോവർ ഹൗസിലേക്ക് മടങ്ങുകയും പിന്നീട് അന്തിമ അംഗീകാരം ലഭിക്കുകയുമാണ്.