

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടിയിൽ ജൂത സമൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കി ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസ് . വ്യക്തികൾ കൈവശം വെച്ചിരിക്കുന്ന തോക്കുകൾ സർക്കാർ വില നൽകി തിരികെ വാങ്ങി നശിപ്പിക്കുന്ന 'ഗൺ ബൈബാക്ക്' (Gun Buyback) പദ്ധതി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി എൻ.എസ്.ഡബ്ല്യു മാറി. കൈവശമുള്ള തോക്കുകൾ സറണ്ടർ ചെയ്യുന്നവർക്ക് തോക്കൊന്നിന് പരമാവധി 10,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 5.5 ലക്ഷം രൂപ) വരെ നഷ്ടപരിഹാരം നൽകും.
നവംബർ 2 മുതലാണ് പദ്ധതി നിലവിൽ വരിക. പുതിയ നിയമപ്രകാരം സാധാരണക്കാർക്ക് കൈവശം വെക്കാവുന്ന പരമാവധി തോക്കുകളുടെ എണ്ണം നാലായും, കർഷകർക്കും സ്പോർട്സ് ഷൂട്ടർമാർക്കും പത്തായും നിജപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ കൂടുതൽ തോക്കുകൾ ഉള്ളവർക്കും പുതിയ കാറ്റഗറി പ്രകാരം നിരോധിക്കപ്പെട്ട തോക്കുകൾ കൈവശം വെച്ചിരിക്കുന്നവർക്കും അവ സർക്കാരിന് കൈമാറി പണം കൈപ്പറ്റാം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള തോക്കുകളിൽ കാൽഭാഗത്തോളം (ഏകദേശം 2,74,000 തോക്കുകൾ) ഈ പദ്ധതിയിലൂടെ തിരിച്ചുവാങ്ങി നശിപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സമൂഹത്തിൽ തോക്കുകളുടെ എണ്ണം കുറയ്ക്കുന്നത് ജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് (Chris Minns) വ്യക്തമാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. അതേസമയം, ക്വീൻസ്‌ലാന്റ്, വിക്ടോറിയ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങൾ പദ്ധതി നടപ്പിലാക്കുന്നതിനെ എതിർക്കുകയോ വിട്ടുനിൽക്കുകയോ ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാത്ത സാധാരണ പൗരന്മാരുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.