

സിഡ്നി: പുതിയ തോക്ക് നിയമം വരുന്നതിനു മുന്നോടിയായി ന്യൂ സൗത്ത് വെയിൽസില്‍ കർഷകർക്കും സ്പോർട്സ് ഷൂട്ടർമാർക്കും കൂടുതൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണം ശക്തമാകുകയാണ്. പുതിയ നിയമങ്ങൾ അന്തിമരൂപം കൊണ്ടാൽ ലൈസൻസ് ഉള്ള വ്യക്തികൾക്ക് പരമാവധി നാല് തോക്കുകൾ മാത്രമേ കൈവശം വയ്ക്കാൻ സാധിക്കൂ. എന്നാൽ പ്രാഥമിക ഉൽപ്പാദകരായ കർഷകർക്ക് 10 തോക്കുകൾ വരെ അനുവദിക്കും.
വ്യത്യസ്ത ജോലികൾക്ക് വ്യത്യസ്ത തോക്കുകൾ ആവശ്യമായതിനാൽ 10 എണ്ണം പോലും കുറവാണെന്ന് സെൻട്രൽ വെസ്റ്റ് ന്യൂ സൗത്ത് വെയിൽസിലെ സ്റ്റോക്ക് & സ്റ്റേഷൻ ഏജൻറായ ബെൻ എംസ് പറഞ്ഞു
“മുയലിനെ വെടിവെക്കാൻ .22 അല്ലെങ്കിൽ ഷോട്ട്ഗൺ വേണം. കുറുക്കനാകുമ്പോൾ .222 അല്ലെങ്കിൽ .223 ഉപയോഗിക്കും. പശുവിനെ യൂത്തനൈസ് ചെയ്യാൻ .22 അല്ലെങ്കിൽ .223 വേണം. പന്നി, മാൻ എന്നിവയെ വെടിവെക്കാൻ അതിലും വലുത് വേണം," അദ്ദേഹം പറഞ്ഞു.
കർഷകർക്ക് പല സ്ഥലങ്ങളിലും ഭൂമിയുള്ളപ്പോൾ ഓരോ സ്ഥലത്തും വേറിട്ട തോക്കുകൾ വേണമെന്ന് ന്യൂ സൗത്ത് വെയിൽസ് ഫാർമേഴ്സ് പ്രസിഡന്റ് സേവിയർ മാർട്ടിൻ പറഞ്ഞു. തോക്കുകൾ ഇടംമാറിക്കൊണ്ടുപോകേണ്ടതിന്റെ സുരക്ഷാഭീഷണിയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്പോർട്സ് ഷൂട്ടർമാർക്കും പുതിയ നിയമം ബുദ്ധിമുട്ടായേക്കും . വിവിധ ഷൂട്ടിംഗ് വിഭാഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിരവധി തോക്കുകൾ ആവശ്യമാണന്ന്
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ബിംഗ്ലി പറഞ്ഞു
എന്നാൽ ഒരു ഏകീകൃത പരിധി നിശ്ചയിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങൾ കാരണം താൻ തന്റെ ചില ഷൂട്ടിംഗ് വിഭാഗങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകനും ഷൂട്ടിംഗ് ക്ലബ് ക്യാപ്റ്റനുമായ നാഥൻ സ്മിത്ത് പറഞ്ഞു.
നിയമവിരുദ്ധമാകുന്ന തോക്കുകൾ തിരികെ വാങ്ങാൻ NSW സർക്കാർ ബൈബാക്ക് പദ്ധതി ആവിഷ്കരിക്കാനിരിക്കുകയാണ്.
എന്നാൽ ഉയർന്ന നിലവാരമുള്ള തോക്കുകൾക്ക് (ഉദാ: $10,000 വിലയുള്ള മത്സര റൈഫിൾ) ന്യായമായ നഷ്ടപരിഹാരം ലഭിക്കില്ലെന്ന ആശങ്ക കർഷകർ ഉന്നയിക്കുന്നു.