പെട്രോൾ പമ്പുകളിൽ വൻ പരിശോധന; വിലയിൽ കൃത്രിമം കാണിച്ച 200-ഓളം പമ്പുകൾക്ക് പിഴ

'ഫ്യുവൽ ചെക്ക്' (FuelCheck) ആപ്പിൽ കാണിക്കുന്ന വിലയും പമ്പിലെ മെഷീനിൽ കാണിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും പരിശോധിച്ചത്.
പെട്രോൾ പമ്പുകളിൽ വൻ പരിശോധന
പെട്രോൾ പമ്പുകളിൽ വൻ പരിശോധന
Published on

സിഡ്‌നി: ന്യൂ സൗത്ത് വെയ്‌ൽസിൽ ഇന്ധനവിലയിൽ തട്ടിപ്പ് നടത്തിയ പെട്രോൾ പമ്പുകൾക്കെതിരെ സർക്കാർ നടപടി കർശനമാക്കി. മാർച്ച് മുതൽ സംസ്ഥാനത്തുടനീളം 2,300-ഓളം പമ്പുകളിൽ നടത്തിയ പരിശോധനയിൽ 210 പമ്പുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവർക്ക് 1,100 ഡോളർ വീതം പിഴ ചുമത്തി. പിഴ ലഭിച്ചവയിൽ 70 ശതമാനവും ഗ്രാമീണ മേഖലകളിലെ പമ്പുകളാണ്.

'ഫ്യുവൽ ചെക്ക്' (FuelCheck) ആപ്പിൽ കാണിക്കുന്ന വിലയും പമ്പിലെ മെഷീനിൽ കാണിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും പരിശോധിച്ചത്. ആപ്പിൽ കുറഞ്ഞ വില കാണിച്ച് പമ്പുകളിൽ എത്തുമ്പോൾ ഉയർന്ന വില ഈടാക്കുന്ന രീതി അനുവദിക്കില്ലെന്ന് മിനിസ്റ്റർ അനോലക് ചന്തിവോങ് പറഞ്ഞു. 'ബൗസർ ബസ്റ്റേഴ്സ്' എന്ന പദ്ധതിയിലൂടെ ജനങ്ങൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പലയിടത്തും പരിശോധന നടന്നത്. സ്നോവി മൗണ്ടൻസ് മേഖലയിലെ ഒരു പമ്പിൽ ആപ്പിൽ $1.96 കാണിച്ച ഇന്ധനത്തിന് നേരിട്ട് എത്തിയപ്പോൾ $3.00 ആണ് ഈടാക്കിയത്.

ഇന്ധന വിലക്കയറ്റവും ഇറാൻ യുദ്ധം മൂലമുള്ള ഇന്ധനക്ഷാമ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകൾ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്ന് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും നിയമലംഘനം തുടരുന്ന പമ്പുകൾക്ക് 110,000 ഡോളർ വരെ പിഴയും കോടതി നടപടികളും നേരിടേണ്ടി വരുമെന്നും ഫെയർ ട്രേഡിംഗ് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, പശ്ചിമ സിഡ്‌നിയിൽ പെട്രോൾ വില ലിറ്ററിന് 176.9 സെന്റ് വരെയായി കുറഞ്ഞത് യാത്രക്കാർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au