

ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാർ വാഹനമോടിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി പ്രതിവാര ടോൾ പരിധി (toll cap) 60 ഡോളറായി സ്ഥിരമായി നിജപ്പെടുത്തും. ഇതു സംബന്ധിച്ച മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. 2024 ജനുവരിയിൽ ആരംഭിച്ച ഈ പദ്ധതി ഇതുവരെ ബ്ലാക്ക്‌ടൗൺ, ബാങ്ക്‌സ്റ്റൗൺ, ഓബേൺ പോലുള്ള സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ വാഹനയാത്രികർക്കാണ് പ്രധാനമായും 211.4 മില്ല്യൺ ഡോളർ തിരികെ നൽകിയത്.
എങ്കിലും, ഈ ഇളവ് 'സ്ഥിരവും ദീർഘകാലത്തേക്ക് കൂടുതൽ നീതിയുള്ളതും ആക്കുവാനുമായി 2028 അവസാനത്തോടെ വെസ്റ്റേൺ ഹാർബർ ടണൽ തുറക്കുമ്പോൾ സിഡ്നിയുടെ കിഴക്കുഭാഗത്തുള്ള സിഡ്നി ഹാർബർ ബ്രിഡ്ജിലും ടണലിലും ഇരുവശത്തേക്കും ടോൾ ഏർപ്പെടുത്തുമെന്ന് എൻഎസ്ഡബ്ല്യു സർക്കാർ അറിയിച്ചു.
വെസ്റ്റേൺ ഹാർബർ ടണലിൽ ഇരുവഴിയും ടോൾ ഈടാക്കാൻ ലിബറൽ സർക്കാർ തീരുമാനിച്ചതോടെ ഹാർബർ ക്രോസിംഗുകളിലെ ഇരുവഴി ടോളിംഗ് അനിവാര്യമായി. എന്നാൽ അധിക വരുമാനം പടിഞ്ഞാറൻ സിഡ്‌നിക്കായി ടോൾ റിലീഫിനായി വിനിയോഗിക്കുമെന്നതാണ് വ്യത്യാസമെന്ന് ഗതാഗത മന്ത്രി ജോൺ ഗ്രഹാം പറഞ്ഞു. സിഡ്‌നിയിലെ പ്രധാന റോഡുകളായ M2, M4, M5, M7, M8, NorthConnex, Lane Cove Tunnel, Cross City Tunnel എന്നിവയിൽ ഇതിനകം തന്നെ ഇരുവഴി ടോൾ നിലവിലുണ്ട്.
സ്വകാര്യ ടോൾ റോഡ് കൺസഷനയർമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം 2026 പകുതിയോടെ ടോൾ നോട്ടീസുകളിലെ അഡ്മിനിസ്ട്രേഷൻ ഫീസുകൾ ഒഴിവാക്കുമെന്നും എൻഎസ്ഡബ്ല്യു സർക്കാർ വ്യക്തമാക്കി.