

നോർവേയുടെ കിരീടാവകാശി ഇൻഗ്രിഡ് അലക്സാൻഡ്ര അടുത്ത വർഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തി പഠനം തുടരും. സിഡ്‌നി സർവകലാശാലയിലെ പഠനം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് നോർവേ റോയൽ ഹൗസ് അറിയിച്ചു. 22കാരിയായ ഇൻഗ്രിഡ് അലക്സാൻഡ്ര ഓഗസ്റ്റ് 28നാണ് നോർവേയുടെ കിരീടാവകാശിയായത്. മുത്തച്ഛൻ ഹരാൾഡ് അഞ്ചാമൻ 89-ാം വയസ്സിൽ മരിച്ചതിനെ തുടർന്നായിരുന്നു ഇത്. ദിവസങ്ങൾക്കുശേഷം പിതാവ് ഹാക്കോൺ എട്ടാമൻ രാജാവായി ചുമതലയേറ്റു.
കുടുംബത്തിലെ ആരോഗ്യ-നിയമപരമായ പ്രതിസന്ധികളെ തുടർന്ന് ഈ വർഷം ജൂണിൽ ഇൻഗ്രിഡ് അലക്സാൻഡ്ര സിഡ്‌നിയിലെ പഠനം പാതിവഴിയിൽ നിർത്തി നോർവേയിലേക്ക് മടങ്ങിയിരുന്നു. അമ്മയും ഇപ്പോഴത്തെ രാജ്ഞിയുമായ മെറ്റെ-മാരിറ്റിന് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായതും സഹോദരൻ മാരിയസ് ബോർഗ് ഹോയ്ബിക്കെതിരായ ബലാത്സംഗ, ആക്രമണ കേസുമായിരുന്നു പ്രധാന സംഭവങ്ങൾ. ജൂണിൽ അമ്മയ്ക്ക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. അതേസമയം, ഹോയ്ബിക്ക് ബലാത്സംഗവും ആക്രമണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നാല് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. കേസ് അപ്പീൽ ചെയ്തതിനാൽ അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും.
അതേസമയം 2025 ജൂലൈയിലാണ് ഇൻഗ്രിഡ് അലക്സാൻഡ്ര സിഡ്‌നിയിലെത്തിയത്. ഓഗസ്റ്റിൽ സിഡ്‌നി സർവകലാശാലയിൽ സോഷ്യൽ സയൻസിൽ മൂന്ന് വർഷത്തെ ബിരുദ പഠനം ആരംഭിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളിലും രാഷ്ട്രീയത്തിലുമാണ് പ്രത്യേക ശ്രദ്ധ. പഠനം ഭാവിയിൽ നോർവേയുടെ രാജ്ഞിയെന്ന നിലയിലുള്ള തന്റെ ചുമതലകൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് നേരത്തെ ഇൻഗ്രിഡ് അലക്സാൻഡ്ര പറഞ്ഞിരുന്നു. രാഷ്ട്രീയ സംവിധാനവും അന്താരാഷ്ട്ര ബന്ധങ്ങളും മനസ്സിലാക്കുന്നത് പ്രധാനമാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ജൂൺ മുതൽ ഓസ്‌ട്രേലിയയിൽ നിന്ന് മാറിനിന്ന ഇൻഗ്രിഡ് അലക്സാൻഡ്ര ഓഗസ്റ്റ് 10ന് ഓസ്‌ലോ സർവകലാശാലയിൽ സിഡ്‌നി സർവകലാശാലയുടെ എക്സ്ചേഞ്ച് വിദ്യാർഥിയായി പഠനം ആരംഭിച്ചിരുന്നു. പുതിയ കിരീടാവകാശി പദവിയുടെ ചുമതലകൾ കാരണം അവർ ഓസ്‌ട്രേലിയയിലേക്ക് മടങ്ങില്ലെന്നായിരുന്നു നേരത്തെ വ്യാപകമായി കരുതിയിരുന്നത്. എന്നാൽ പഠനത്തിന് മുൻഗണന നൽകുമെന്ന് റോയൽ ഹൗസ് വ്യക്തമാക്കി. ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിന് മുമ്പ് ചില ഔദ്യോഗിക പരിപാടികളിൽ അവർ പങ്കെടുക്കും.
1990ലെ നോർവേയിലെ പിന്തുടർച്ചാവകാശ നിയമത്തിലെ മാറ്റത്തിന് ശേഷം രാജാവിന്റെയോ രാജ്ഞിയുടെയോ മൂത്ത മകനോ മകളോ ഒരുപോലെ സിംഹാസനത്തിന് അവകാശിയാകുന്ന രീതിയിൽ മാറ്റം വന്നിരുന്നു. അതിന്റെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇൻഗ്രിഡ് അലക്സാൻഡ്ര. നിലവിൽ നോർവേയുടെ സിംഹാസനാവകാശ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇൻഗ്രിഡ് അലക്സാൻഡ്ര ഭാവിയിൽ രാജ്യത്തിന്റെ രാജ്ഞിയാകുമ്പോൾ ഏകദേശം 600 വർഷത്തിന് ശേഷം നോർവേയുടെ ആദ്യ വനിതാ ഭരണാധികാരിയാകും. രാജകുടുംബത്തിന്റെ അവകാശിയായതിനെ തുടർന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ് യോഗങ്ങളിലും അവർ പങ്കെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ആവശ്യമായ സാഹചര്യങ്ങളിൽ രാജ്യത്തിന്റെ റീജന്റായും ചുമതലയേൽക്കാൻ ഒപ്പുവെച്ച സത്യപ്രതിജ്ഞയിലൂടെ ഇൻഗ്രിഡ് അലക്സാൻഡ്രയ്ക്ക് സാധിക്കും.