അപ്പാർട്ട്മെന്റിൽ കത്തിയാക്രമണം; ചിലി സ്വദേശി ഗുരുതരമായി പരിക്കേറ്റു

33-കാരനായ ജോസ് എന്ന യുവാവിന്റെ മുഖത്തും കൈയിലും ആഴത്തിലുള്ള മുറിവേറ്റു. ആക്രമണത്തിൽ കണ്ണിന് തൊട്ടടുത്ത് ഗുരുതര മുറിവേറ്റ യുവാവിനെ സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്പാർട്ട്മെന്റിൽ കത്തിയാക്രമണം; ചിലി സ്വദേശി ഗുരുതരമായി പരിക്കേറ്റു
Published on

സിഡ്നി: സുഹൃത്തിന്റെ വീട്ടിൽ അത്താഴവിരുന്നിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ചിലി സ്വദേശിയായ യുവാവിന് നേരെ അയൽവാസി കത്തിയുമായി ആക്രമണം നടത്തിയതായി പരാതി. സിഡ്നിയിലെ കിഴക്കൻ പ്രാന്തപ്രദേശമായ ബോണ്ടിയിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് സംഭവം. 33-കാരനായ ജോസ് എന്ന യുവാവിന്റെ മുഖത്തും കൈയിലും ആഴത്തിലുള്ള മുറിവേറ്റു. ആക്രമണത്തിൽ കണ്ണിന് തൊട്ടടുത്ത് ഗുരുതര മുറിവേറ്റ യുവാവിനെ സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തെ പരിക്ക് ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാൻ പ്ലാസ്റ്റിക് സർജന്മാരുടെ സേവനവും തേടി.

സംഭവവുമായി ബന്ധപ്പെട്ട് അതേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റിക്കാർഡോ കസാറ്റോ (Riccardo Cazzato) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അശ്രദ്ധാപരമായി പരിക്കേൽപ്പിച്ചെന്ന (reckless wounding) കുറ്റം ചുമത്തി ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് പറയുന്നതനുസരിച്ച്, അപ്പാർട്ട്മെന്റിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ജോസിനെ താഴത്തെ നിലയിൽ താമസിക്കുന്ന കസാറ്റോ തടഞ്ഞുനിർത്തി. കെട്ടിടത്തിൽ മോഷണശ്രമം നടന്നതായി നേരത്തെ പരാതി നൽകിയിരുന്ന കസാറ്റോ, ജോസാണ് അതിക്രമിച്ച് കയറിയതെന്ന് ആരോപിച്ചാണ് കത്തിയുമായി ആക്രമിച്ചതെന്നാണ് അന്വേഷണ വിവരം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ജോസ് നൂറുകണക്കിന് മീറ്റർ ഓടി സമീപവാസികളുടെ സഹായം തേടുകയായിരുന്നു.

ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനല്ലാത്ത ജോസിന് ചികിത്സാചെലവും പരിക്കിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Metro Australia
maustralia.com.au