

സിഡ്നി: തെറ്റായ തിരിച്ചറിയലിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ട സിഡ്നി സ്വദേശി ക്രിസ് ബാഗ്സാരിയൻ (85) കേസിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന 32-കാരനെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി. ഫെബ്രുവരി 13-ന് പുലർച്ചെ നോർത്ത് റൈഡിലെ വീട്ടിൽ നിന്ന് ബാഗ്സാരിയൻ തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്നു. അന്വേഷണത്തിൽ, യഥാർത്ഥ ലക്ഷ്യം മറ്റൊരാളായിരുന്നുവെന്നും തെറ്റായ തിരിച്ചറിയലിനെ തുടർന്നാണ് ബാഗ്സാരിയനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കണ്ടെത്തി. ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 24-ന് പിറ്റ് ടൗണിലെ ഒരു ഗോൾഫ് ക്ലബിന് സമീപത്ത് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേസിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ 32-കാരനാണ് തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഏകോപിപ്പിക്കുകയും അതിൽ നേരിട്ട് പങ്കാളിയാകുകയും ചെയ്തതെന്നാണ് സ്ട്രൈക്ക് ഫോഴ്‌സ് ഷാബോട്ട് അന്വേഷണസംഘത്തിന്റെ ആരോപണം. ബാഗ്സാരിയന്റെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ബ്ലാക്ക്ടൗണിൽ നിന്നാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. അന്ന് ഇയാളുടെ വാഹനത്തിൽ നിന്ന് മെത്ത് മയക്കുമരുന്നും ഒരു പിസ്റ്റളും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് പെൻറിത്തിലെ ഒരു ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും മറ്റൊരു വാഹനവും കണ്ടെത്തി. ആയുധ-മയക്കുമരുന്ന് കേസിൽ ഇയാൾ ഇതിനകം വിചാരണ നേരിടുകയാണ്. കഴിഞ്ഞ ബുധനാഴ്ച ലിത്ഗോവിൽ നിന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് മോചനദ്രവ്യം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി. ജാമ്യം നിഷേധിച്ച കോടതി ജൂലൈ 17-ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വ്യാഴാഴ്ച 22-കാരനെയും, വെള്ളിയാഴ്ച 21-കാരനെയും 19-കാരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും സഹായം ചെയ്തതിനുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, പരാജയപ്പെട്ട ഈ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതായി കരുതുന്ന വിദേശത്തുള്ള വ്യക്തികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.