

സിഡ്നിയിലെ കൂജി ബീച്ചിൽ ഒരു സ്ത്രീക്ക് ഷാർക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട് , ഷാർക്ക് നശീകരണ (shark cull) നടപടികൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ തീരത്ത് നിന്ന് ഏകദേശം 20 മുതൽ 30 മീറ്റർ വരെ അകലെയായി യുവതി നീന്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് മുതൽ നാല് മീറ്റർ വരെ നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാർക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതരുടെ സംശയം. ആക്രമണത്തിൽ 35 വയസ്സുള്ള യുവതിക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവർ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തെ തുടർന്ന് റാൻഡ്വിക് കൗൺസിൽ കൂജി ഉൾപ്പെടെയുള്ള സമീപ ബീച്ചുകൾ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം ബീച്ചുകൾ വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിച്ചു.