

ന്യൂ സൗത്ത് വെയിൽസിൽ (NSW) രോഗബാധിതനായ ഒരു പക്ഷിയിൽ കണ്ടെത്തിയ വൈറസ് മാരകമായ H5N1 പക്ഷിപ്പനിയാണോ എന്ന് പരിശോധിക്കുന്നതിനിടെ, കോഴിയിറച്ചിയും മുട്ടയും പരിഭ്രാന്തിയോടെ വാങ്ങേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. സംസ്ഥാന കാർഷിക മന്ത്രി താര മോറിയാർട്ടി വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, കണ്ടെത്തിയ വൈറസിന്റെ തീവ്രത പരിശോധിച്ചുവരികയാണെന്നും ഔദ്യോഗിക പരിശോധനാഫലം ശനിയാഴ്ച ലഭിക്കുമെന്നുമാണ് അറിയിച്ചത്.
വൈറസ് അതിവേഗം പടരുന്ന H5N1 വകഭേദമാണെന്ന് സ്ഥിരീകരിച്ചാൽ, ഓസ്ട്രേലിയയിലെ അപൂർവ വന്യജീവികൾക്ക് വലിയ ഭീഷണിയാകുമെന്ന് ഡോ. നിക്ക് കോറ്റ്സ്വർത്ത് പറഞ്ഞു. കുടിയേറ്റ പക്ഷികളിലൂടെ വൈറസ് വളരെ വേഗത്തിൽ വ്യാപിക്കുകയും പിന്നീട് സസ്തനികളിലേക്കും പകരുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമൂലം വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങൾക്കും അപകടമുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഇത് മനുഷ്യരുടെ ആരോഗ്യത്തെക്കാൾ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കുമുള്ള വലിയ ഭീഷണിയാണ്. വൈറസുകൾ മൃഗങ്ങളിലേക്ക് കടന്നാൽ എത്ര വേഗത്തിൽ വ്യാപിക്കാമെന്നതിന്റെ ഉദാഹരണമാണ് ഇത്," അദ്ദേഹം പറഞ്ഞു. വൈറസ് വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ ഫാമുകളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെങ്കിലും, മുട്ടയോ കോഴിയിറച്ചിയോ വാങ്ങാൻ ആളുകൾ പരിഭ്രാന്തരാകരുതെന്നും, കോവിഡ് കാലത്തെ പോലെ പാനിക് ബയിംഗ് ആവർത്തിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മനുഷ്യരിലേക്കുള്ള രോഗവ്യാപന സാധ്യത ഇപ്പോൾ വളരെ കുറവാണെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ കോഴിഫാമുകളിലോ വളർത്തുപക്ഷികളിലോ രാജ്യത്തെ മറ്റ് പക്ഷികളിലോ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമ ഓസ്ട്രേലിയയിലും ദക്ഷിണ ഓസ്ട്രേലിയയിലുമായി അഞ്ച് കാട്ടുപക്ഷികളിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2021 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുവരുന്ന ഈ H5N1 വൈറസിന്റെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള രോഗവ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.