

ന്യൂ സൗത്ത് വെയിൽസിലെ മിഡ് നോർത്ത് കോസ്റ്റ് മേഖലയിലെ ബുലാഹ്ദെലാഹ അടുത്തുള്ള ക്രോഫോർഡ് റിവർ പ്രദേശത്ത് കാട്ടുതീപ്പിടിത്തത്തിനിടെ നടന്ന വൈദ്യുതി മുടക്കം ജനങ്ങളുടെ വീടുകൾ സംരക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചെന്ന ആരോപണവുമായി പ്രദേശവാസികൾ.
കഴിഞ്ഞ വ്യാഴാഴ്ച ബുലാഹ്ദെലാഹയ്ക്കു സമീപം പുല്ലും കാടും ഉൾപ്പെട്ട തീപിടിത്തം ആരംഭിച്ചതിനെ തുടർന്ന് പ്രദേശവാസിയായ നസീം ഡാഗെൽ തന്റെ ക്രോഫോർഡ് റിവർ പ്രോപ്പർട്ടിയിൽ തീ നിയന്ത്രണത്തിനായി തയ്യാറെടുക്കുകയായിരുന്നു. രാത്രിയോടെ റൂറൽ ഫയർ സർവീസ് സുരക്ഷിതമാണെന്ന് ഉപദേശം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച അവസ്ഥ വേഗത്തിൽ മോശമായി. വൈദ്യുതി വിതരണ ഏജൻസിയായ എസ്സെൻഷ്യൽ എനർജി മുൻകൂട്ടി അറിയിച്ച പ്രകാരം ക്രോഫോർഡ് റിവർ മേഖലയിൽ വൈദ്യുതി മുടക്കവുമായി മുന്നോട്ടുപോയതോടെ ഡാഗെലിന് വെള്ളം പമ്പ് ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിച്ചില്ല. ഫോണിൽ ലഭിക്കേണ്ട അടിയന്തിര മുന്നറിയിപ്പുകളും അദ്ദേഹത്തിന് കിട്ടിയില്ല
“ടാങ്ക് ഉപയോഗിക്കാനാകാത്തതിനാൽ കുളത്തിൽ നിന്ന് ബക്കറ്റുകളിലാക്കി വെള്ളം കൊണ്ടുവരേണ്ടിവന്നു. ജനറേറ്ററും ഒരുക്കേണ്ടിയും വന്നു,” അദ്ദേഹം പറഞ്ഞു. “ഉച്ചയ്ക്ക് 1.30ഓടെ എല്ലാടവും പുക നിറഞ്ഞിരുന്നു. വീടിന്റെ ചുറ്റും തീ പടർന്നിരുന്നു.” ബുലാഹ്ദെലാഹ തീപ്പിടിത്തം 4,600 ഹെക്ടറിലധികം പ്രദേശവും പസിഫിക് ഹൈവേയിന്റെ ഇരു വശങ്ങളിലായി നാല് വീടുകൾ നശിപ്പിച്ചെന്നാണ് അറിയിപ്പ്. തീപ്പിടിത്തത്തിനിടെ വൈദ്യുതി മുടക്കാൻ തീരുമാനിച്ച എസ്സെൻഷ്യൽ എനർജിക്കെതിരെ പരാതി നൽകുമെന്ന് ഡാഗെൽ പറഞ്ഞു.