NSW ൽ 22കാരന്റെ മരണത്തിൽ 15കാരന് കൊലക്കുറ്റം ചുമത്തി

കേസിൽ അറസ്റ്റിലായ 15കാരനെതിരായ കൊലക്കുറ്റം സംബന്ധിച്ച നടപടികൾ തുടരുകയാണ്. കേസ് ഓഗസ്റ്റ് 11ന് വീണ്ടും കോടതി പരിഗണിക്കും.
NSW ൽ 22കാരന്റെ മരണത്തിൽ 15കാരന് കൊലക്കുറ്റം ചുമത്തി
(ABC Central Coast: Sarah Forster)
Published on

ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിൽ 22കാരനായ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ 15കാരനായ ആൺകുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂലൈ 28 ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് ഗോസ്ഫോർഡിലെ മാൻ സ്ട്രീറ്റിൽ അടിയന്തര സേവനങ്ങൾ എത്തിയത്. ഒന്നിലധികം കുത്തേറ്റ നിലയിൽ കണ്ടെത്തിയ 22കാരന് NSW Ambulance പാരാമെഡിക്കുകൾ സ്ഥലത്ത് വച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് ഗോസ്ഫോർഡ് ആശുപത്രിയിൽ വെച്ച് മരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച പുലർച്ചെ ലേക്ക് ഹേവനിലെ ഒരു വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് 15കാരനായ ആൺകുട്ടിയെയും 45കാരിയായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുരുതരമായ കുറ്റകൃത്യം നടത്തിയ ഒരാളെ പിടികൂടുന്നതിന് തടസ്സം സൃഷ്ടിച്ചെന്ന കുറ്റമാണ് 45കാരിക്കെതിരെ ചുമത്തിയത്. ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ സ്ത്രീക്ക് ജാമ്യം അനുവദിച്ചു. പൊലീസ് ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഗുരുതരമായ കുറ്റത്തിന് തിരയുകയായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമങ്ങളെ സ്ത്രീ തടസ്സപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

അതേസമയം, താൻ രണ്ട് കുട്ടികളുടെ അമ്മയാണെന്നും പ്രത്യേക പരിചരണം ആവശ്യമായ ഒരു കുട്ടിയെ നോക്കുകയാണെന്നും സ്ത്രീയുടെ അഭിഭാഷകൻ ജാവിദ് ഫായിസ് കോടതിയിൽ പറഞ്ഞു. സംഭവം ഗ്യാങ്ങുമായി ബന്ധപ്പെട്ടതല്ലെന്നും “ഒരു തൊപ്പിയെച്ചൊല്ലിയുണ്ടായ കാര്യമാണ്” സംഭവത്തിന് പിന്നിലെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ കൊലപാതകക്കുറ്റത്തിന് തിരയുകയായിരുന്ന ഒരു യുവാവിനെ സ്ത്രീ ഒളിപ്പിച്ചുവെന്നാണ് പൊലീസ് സമർപ്പിച്ച രേഖകളിൽ പറയുന്നതെന്ന് Acting Judge Leslie Brennan ചൂണ്ടിക്കാട്ടി. “വീട്ടിൽ പ്രവേശിക്കുന്നതിനായി പൊലീസിന് ഒരു വാതിൽ തകർക്കേണ്ടിവന്നു,” ജഡ്ജി പറഞ്ഞു. സ്ത്രീ പൊലീസ് നടപടികളെ തടസ്സപ്പെടുത്തിയതായി തോന്നുന്നുണ്ടെങ്കിലും, യുവാവ് ഈ കേസിൽ കൊലക്കുറ്റത്തിന് തിരയപ്പെടുകയാണെന്ന് അവർക്ക് അറിയാമായിരുന്നോ എന്നത് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 45കാരി ആഴ്ചയിൽ ഒരിക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. കേസിൽ അറസ്റ്റിലായ 15കാരനെതിരായ കൊലക്കുറ്റം സംബന്ധിച്ച നടപടികൾ തുടരുകയാണ്. കേസ് ഓഗസ്റ്റ് 11ന് വീണ്ടും കോടതി പരിഗണിക്കും.

Metro Australia
maustralia.com.au