

സിഡ്‌നി: തെക്ക്-പടിഞ്ഞാറൻ സിഡ്‌നിയിലെ മദ്യവിൽപ്പനശാലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയെന്ന കേസിൽ 13 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയും മകനും കൗമാരക്കാരുടെ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും മർദനമേറ്റു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് നാലുപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് നരലൻ വെയ്‌ലിലുള്ള ദ ബോട്ടിൽ-ഒ (The Bottle-O) മദ്യവിൽപ്പനശാലയിൽ അഞ്ചംഗ സംഘം അതിക്രമിച്ചുകയറിയതെന്നാണ് ആരോപണം. മദ്യമോഷണം നടത്തുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. കടയുടമ ഗുവോ വു സംഘത്തെ തടയാൻ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളിൽ അമ്മയെ സഹായിക്കാൻ മകൻ സാന്റിയാഗോ വു ഓടിയെത്തുന്നതും സംഘത്തിലെ ഒരാളെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, മറ്റ് രണ്ട് പേർ തിരിച്ചെത്തി മകനെ ആക്രമിക്കുകയായിരുന്നു. തന്റെ ഇടത് കണ്ണിന് സമീപം മർദനമേറ്റതായും അമ്മയുടെ മുഖത്തും കവിളിലും പരിക്കേറ്റതായും സാന്റിയാഗോ പറഞ്ഞു. സംഘത്തിലെ നാലുപേർ ഓടിരക്ഷപ്പെട്ടെങ്കിലും സമീപത്തുണ്ടായിരുന്നവർ 13കാരനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
മോഷണക്കുറ്റം ചുമത്തിയ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട നാലുപേരും സമീപത്തെ ബസിൽ കയറി പോയതായാണ് കടയുടമകൾ പറയുന്നത്. ഏകദേശം 1,000 ഡോളർ വിലവരുന്ന മദ്യം മോഷ്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായാണ് ആരോപണം. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ ആക്രമണം കടയിൽ നടന്നതായി വു കുടുംബം ആരോപിച്ചു. അന്നത്തെ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ആൺകുട്ടികൾ ഇപ്പോഴത്തെ സംഘത്തിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.