

സിഡ്നി: വടക്കുപടിഞ്ഞാറൻ സിഡ്നിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ 11കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നോർത്ത്വെസ്റ്റിലെ ഒരു യൂണിറ്റിൽ തിങ്കളാഴ്ച വെടിയേറ്റ നിലയിൽ കണ്ടെത്തിയ കുട്ടി വ്യാഴാഴ്ച രാത്രി എട്ടോടെ ആശുപത്രിയിൽ മരിച്ചതായി പൊലീസ് അറിയിച്ചു. ഫെയർവേ ഡ്രൈവിലെ വീട്ടിൽ വെടിവയ്പ്പുണ്ടായെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. മുഖത്തും കഴുത്തിലും വെടിയേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. എൻഎസ്ഡബ്ല്യു ആംബുലൻസ് പാരാമെഡിക്കുകൾ പ്രാഥമിക ചികിത്സ നൽകിയ ശേഷം വെസ്റ്റ്മീഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സിഡ്നിയിലെ മറോണൈറ്റ് സമൂഹത്തിലെ അംഗമായിരുന്ന കുട്ടിയുടെ മരണത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റിട്ടില്ല. 18 വയസ്സുള്ള മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി വിട്ടയച്ചു. ഐസക് ബെച്ചാര എന്നയാൾ ഗുരുതര കുറ്റകൃത്യം മറച്ചുവെച്ചെന്ന കുറ്റം ചുമത്തപ്പെട്ട് ബ്ലാക്ക്ടൗൺ ലോക്കൽ കോടതിയിൽ ഹാജരായി. ജാമ്യത്തിന് അപേക്ഷിക്കാതിരുന്ന ഇയാളുടെ ജാമ്യം കോടതി നിരസിച്ചു.
സംഭവം നിലവിലെ സംഘർഷങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതായി ഇപ്പോൾ കരുതുന്നില്ലെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് നവോമി മൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവസമയത്ത് യൂണിറ്റിലുണ്ടായിരുന്ന ചിലർ പൊലീസിന് നേരത്തെ പരിചിതരായിരുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
കുട്ടിയുടെ മരണത്തിന് പിന്നാലെയും വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.