

2025 ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പ് ആക്രമണത്തിനിടെ അക്രമികളിലൊരാളെ നേരിട്ട് കീഴടക്കി ആയുധം പിടിച്ചെടുത്ത അഹമ്മദ് അൽ അഹമ്മദിന് ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ധീരതാ ബഹുമതിയായ ക്രോസ് ഓഫ് വാലർ പുരസ്‌കാരം. ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ പുരസ്‌കാരം സമ്മാനിച്ചു.
1975-ൽ പുരസ്‌കാരം ആരംഭിച്ചതിനുശേഷം ഇത് ലഭിക്കുന്ന ആറാമത്തെ വ്യക്തിയാണ് അഹമ്മദ് അൽ അഹമ്മദ്. ആക്രമണത്തിനിടെ രണ്ട് അക്രമികളിലൊരാളെ നേരിട്ട് നേരിടുകയും ബലമായി ആയുധം പിടിച്ചെടുത്ത് നിലത്തേക്ക് കീഴടക്കുകയും ചെയ്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ആയുധം പിടിച്ചെടുത്തതിന് പിന്നാലെ മറ്റൊരു അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും ഒന്നിലധികം വെടിയുണ്ടകൾ ശരീരത്തിൽ പതിച്ച് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ പങ്കെടുത്ത 50-കാരനായ സാജിദ് അക്രം സംഭവസ്ഥലത്തുവെച്ച് വെടിയേറ്റ് മരിച്ചു. ഇയാളുടെ 24-കാരനായ മകൻ നവീദ് അക്രം പരിക്കുകളോടെ പിടിയിലാവുകയും കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
'പരസ്പരം കരുതലും ഐക്യവും വേണം'
അപകടസമയത്ത് അക്രമത്തിലേക്ക് ഓടിയടുക്കാൻ തീരുമാനിച്ചപ്പോൾ അനുഭവിച്ച ഭയം ഇപ്പോഴും ഓർമയിലുണ്ടെന്ന് അഹമ്മദ് അൽ അഹമ്മദ് പറഞ്ഞു. എന്നാൽ തന്റെ ആന്തരികമായ കരുത്താണ് ആ അനുഭവത്തെ അതിജീവിക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. "എന്റെ സന്ദേശം ഇതാണ് — നമ്മൾ ഐക്യത്തിനും പരസ്പരം കരുതുന്നതിനും പ്രാധാന്യം നൽകണം. തിന്മ നമ്മളെ വിഭജിക്കാനാണ് ശ്രമിച്ചത്. എന്നാൽ ദൈവത്തിന് നന്ദി, ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഞാനുണ്ടായിരുന്നു," എന്ന് അദ്ദേഹം എഎപിയോട് പറഞ്ഞു.
ആക്രമണത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർക്കും ധീരതാ അംഗീകാരം
ആക്രമണത്തിൽ കൊല്ലപ്പെട്ട 15 പേരിൽ മൂന്ന് പേർക്ക് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ മരണാനന്തര ബഹുമതിയായി ലഭിച്ചു. ആക്രമണത്തിനിടെ അഹമ്മദ് കീഴടക്കിയ അക്രമിയെ നേരിടാൻ ശ്രമിച്ച റൂവിയൻ മോറിസണും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന് ബ്രേവറി മെഡൽ ലഭിച്ചു. ചാനുക്കാ ബൈ ദ സീ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിവെപ്പ് ആരംഭിച്ചത്. അഹമ്മദ് കീഴടക്കിയ അക്രമിയെ മോറിസൺ നേരിട്ടു. അക്രമിക്കുനേരെ ഒരു വസ്തു എറിഞ്ഞ ശേഷം സമീപത്തെ മരത്തിന് പിന്നിൽ അഭയം തേടാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം വെടിയേറ്റ് മരിച്ചു. "താൻ സ്നേഹിച്ചവരെ സംരക്ഷിക്കുന്നതിൽ അദ്ദേഹം ഏറെ കരുത്തുള്ള വ്യക്തിയായിരുന്നു. ആ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരും അദ്ദേഹത്തിന്റെ സംരക്ഷണത്തിന്റെ പരിധിയിലായിരുന്നു. അദ്ദേഹം ആരാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്താണ് ഒടുവിൽ അദ്ദേഹം മടങ്ങിയത്," മോറിസന്റെ മകൾ ഷെയ്ന ഗുട്നിക് എഎപിയോട് പറഞ്ഞു. സ്വാർത്ഥതയില്ലാതെ മറ്റുള്ളവരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവരുടെ ധീരതയെ ഔദ്യോഗികമായി അംഗീകരിക്കുന്നത് പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇരുട്ടിനെ നേരിടേണ്ടിവരുമ്പോൾ വെല്ലുവിളി ഏറ്റെടുത്ത് തിരിച്ചടിക്കുന്ന നിരവധി പേരുണ്ടെന്നും അത് ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ സവിശേഷതയാണെന്നും അവർ പറഞ്ഞു.
ഗുർമാൻ ദമ്പതികൾക്കും മരണാനന്തര ബഹുമതി
ആക്രമികളെ നിരായുധരാക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ബോറിസ് ഗുർമാനും ഭാര്യ സോഫിയ ഗുർമാനും സ്റ്റാർ ഓഫ് കറേജ് പുരസ്‌കാരം ലഭിച്ചു. അക്രമികളിലൊരാളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെടിയേറ്റ് മരിച്ചത്. നാല് പുരസ്‌കാര ജേതാക്കളുടെയും അസാധാരണമായ ധീരതയെ ഗവർണർ ജനറൽ സാം മോസ്റ്റിൻ ആദരിച്ചു. ഇതിൽ മൂന്ന് പുരസ്‌കാരങ്ങൾ മരണാനന്തര ബഹുമതിയായാണ് നൽകുന്നത് എന്നത് ഏറെ ദുഃഖകരമാണെന്നും അവർ പറഞ്ഞു. ഗുർമാൻ ദമ്പതികളുടെയും റൂവിയൻ മോറിസന്റെയും കുടുംബങ്ങൾക്കും ജൂത സമൂഹത്തിനും ഓസ്‌ട്രേലിയയുടെ പേരിൽ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ഗവർണർ ജനറൽ വ്യക്തമാക്കി.