നഗരം വിട്ട് ഓസ്‌ട്രേലിയക്കാർ; സിഡ്‌നിയിലും മെൽബണിലും നിന്ന് ഗ്രാമങ്ങളിലേക്ക് വൻ കുടിയേറ്റം

കുറഞ്ഞ ചിലവിൽ വീടുകൾ ലഭ്യമാകുന്നതും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാണ് നഗരവാസികളെ പ്രാദേശിക മേഖലകളിലേക്ക് ആകർഷിക്കുന്നത്.
നഗരം വിട്ട് ഓസ്‌ട്രേലിയക്കാർ; സിഡ്‌നിയിലും മെൽബണിലും നിന്ന് ഗ്രാമങ്ങളിലേക്ക് വൻ കുടിയേറ്റം
Picture: NewsWire / Aaron Francis
Published on

സിഡ്‌നി: ആധുനിക നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി ഓസ്‌ട്രേലിയക്കാർ കൂട്ടത്തോടെ ഗ്രാമീണ, തീരദേശ മേഖലകളിലേക്ക് താമസം മാറ്റുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) സിഡ്‌നിയിൽ നിന്ന് 33,000 പേരും മെൽബണിൽ നിന്ന് 8,500 പേരും നഗരം വിട്ടതായാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ABS) കണക്കുകൾ വ്യക്തമാക്കുന്നത്. കുറഞ്ഞ ചിലവിൽ വീടുകൾ ലഭ്യമാകുന്നതും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാണ് നഗരവാസികളെ പ്രാദേശിക മേഖലകളിലേക്ക് ആകർഷിക്കുന്നത്.

കോമൺവെൽത്ത് ബാങ്കും റീജിയണൽ ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പുറത്തിറക്കിയ 'റീജിയണൽ മൂവേഴ്‌സ് ഇൻഡക്സ്' പ്രകാരം, ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റ് (Sunshine Coast) ആണ് നഗരം വിടുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. ഗ്രേറ്റർ ഗീലോങ്, ഫ്രേസർ കോസ്റ്റ്, ലേക്ക് മക്വാറി, മൂറാബൂൾ തുടങ്ങിയ പ്രദേശങ്ങളിലേക്കും വൻതോതിൽ ജനങ്ങൾ കുടിയേറുന്നുണ്ട്. സിഡ്‌നി, മെൽബൺ നഗരങ്ങൾ കഴിഞ്ഞാൽ ബ്രീസ്ബേൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ പ്രാദേശിക മേഖലകളിലേക്ക് മാറിത്തുടങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

നഗരങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുമ്പോഴും വിദേശത്തുനിന്നുള്ള കുടിയേറ്റക്കാരുടെ വരവ് സിഡ്‌നിയിലെയും മെൽബണിലെയും ജനസംഖ്യ കുറയാതെ നിലനിർത്തുന്നുണ്ട്. കഴിഞ്ഞ വർഷം 78,000-ത്തിലധികം വിദേശികളാണ് സിഡ്‌നിയിൽ എത്തിയത്. പ്രാദേശിക മേഖലകളിലേക്കുള്ള ജനങ്ങളുടെ ഈ കുടിയേറ്റം ഗ്രാമപ്രദേശങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടുമെന്നും റീജിയണൽ ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ലിസ് റിച്ചി പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au