

സിഡ്നി: കോവിഡ്-19 ലോക്ക്ഡൗൺ കാലത്തേക്കാൾ ഇപ്പോൾ ഓസ്ട്രേലിയക്കാർ കൂടുതൽ അസന്തുഷ്ടരാണെന്ന് പുതിയ സർവേ റിപ്പോർട്ട്. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU) നടത്തിയ പഠനത്തിൽ, ജീവിതച്ചെലവ് വർധനവ്, ഭവന പ്രതിസന്ധി, സാമ്പത്തിക സമ്മർദം എന്നിവയാണ് ജനങ്ങളുടെ സന്തോഷനില കുറയാൻ പ്രധാന കാരണങ്ങളായി കണ്ടെത്തിയത്.
പഠനമനുസരിച്ച്, 2020-ലെയും 2021-ലെയും ലോക്ക്ഡൗൺ കാലത്ത് രേഖപ്പെടുത്തിയതിനേക്കാൾ താഴ്ന്ന നിലയിലാണ് ഇപ്പോഴത്തെ ജീവിത സംതൃപ്തി. പ്രത്യേകിച്ച് യുവാക്കളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളും കൂടുതൽ മാനസികവും സാമ്പത്തികവുമായ സമ്മർദം നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ ജീവിതത്തിൽ തങ്ങൾ എത്രത്തോളം സംതൃപ്തരാണ് എന്നത് 10-ൽ മാർക്ക് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ശരാശരി സംതൃപ്തി സ്കോർ 6.8 ആയി രേഖപ്പെടുത്തി. ദൈനംദിന ചെലവുകൾ ഉയരുന്നതും വീടുകളുടെ വിലയും വാടകയും വർധിക്കുന്നതും നിരവധി കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനമാണ് ജനങ്ങളുടെ മാനസികാവസ്ഥയിലും കാണുന്നതെന്ന് അവർ പറഞ്ഞു.
അതേസമയം, ജോലി ലഭ്യതയും സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകൾ പലർക്കും പ്രധാന പ്രശ്നമായി തുടരുകയാണ്. സാമ്പത്തിക സമ്മർദം കുറയ്ക്കുന്നതിനും ഭവന ലഭ്യത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ജീവിത നിലവാരം ഉയർത്തുന്നതിലൂടെ മാത്രമേ ജനങ്ങളുടെ സംതൃപ്തി വീണ്ടും വർധിപ്പിക്കാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു.