‘Ghost Flight’ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുൻ Qantas CEO അലൻ ജോയ്സ്

ജോയ്സിന്റെ ആത്മകഥ ‘Riding the Jetstream’ ജൂലൈ 28ന് പുറത്തിറങ്ങാനിരിക്കെയാണ് അഭിമുഖം.
‘Ghost Flight’ വിവാദം: മുൻ Qantas CEO അലൻ ജോയ്സ് തുറന്നുപറഞ്ഞത്
മുൻ Qantas ചീഫ് എക്സിക്യൂട്ടീവ് അലൻ ജോയ്സ്
Published on

കോവിഡ് കാലത്ത് നിരവധി ഓസ്ട്രേലിയക്കാരെ അസൗകര്യത്തിലാക്കുകയും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്ത ‘Ghost Flight’ വിവാദത്തിൽ മുൻ Qantas ചീഫ് എക്സിക്യൂട്ടീവ് അലൻ ജോയ്സ് പ്രതികരിച്ചു. ‘Spirit of Australia’ എന്നറിയപ്പെടുന്ന Qantas-ന്റെ തലപ്പത്ത് ഏകദേശം 15 വർഷം പ്രവർത്തിച്ച കാലയളവിലെ അനുഭവങ്ങളും വിവാദങ്ങളും ഉൾപ്പെടുത്തി ട്രേസി ഗ്രിംഷോയുടെ അഭിമുഖ പരിപാടിയായ 60 Minutes-ലാണ് ജോയ്സ് സംസാരിച്ചത്. 2023 സെപ്റ്റംബറിൽ Qantas Group CEO സ്ഥാനത്ത് നിന്ന് വിരമിച്ച ജോയ്സ്, കമ്പനിയുടെ ചുമതല വാനെസ ഹഡ്സണിന് കൈമാറുകയായിരുന്നു. അന്ന് വിവിധ വിവാദങ്ങളും പ്രശ്നങ്ങളും മൂലം Qantas-ന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. വിരമിച്ചതിന് പിന്നാലെ പൊതുജീവിതത്തിൽ നിന്ന് ഏറെ അകന്നുനിന്ന ജോയ്സ്, ഇപ്പോഴാണ് ‘Ghost Flight’ ഉൾപ്പെടെയുള്ള വിവാദങ്ങളെക്കുറിച്ച് തുറന്നുപറയുന്നത്.

2023 നവംബറിൽ സ്ഥാനമൊഴിയാനായിരുന്നു തന്റെ പദ്ധതിയെന്നും, എന്നാൽ അന്നത്തെ ചെയർമാൻ റിച്ചാർഡ് ഗോയ്ഡർ രണ്ട് മാസം നേരത്തെ CEO സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെപ്റ്റംബറിൽ പടിയിറങ്ങിയതെന്നും ജോയ്സ് പറഞ്ഞു. “നേരത്തെ പോകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചെയർമാൻ എന്നെ വിളിച്ച് ചോദിച്ചു. അന്ന് നടന്നുകൊണ്ടിരുന്ന കാര്യങ്ങൾ അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം,” ജോയ്സ് പറഞ്ഞു. ആവശ്യമെങ്കിൽ ആ നിർദേശം നിരസിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ അവസാന വർഷങ്ങളിൽ Qantas നേരിട്ട വിമർശനങ്ങളിൽ ചിലത് അർഹിച്ചതാണോ എന്ന ചോദ്യത്തിന്, കമ്പനിക്ക് പിഴവുകൾ സംഭവിച്ചെന്ന് ജോയ്സ് സമ്മതിച്ചു. “ഞങ്ങൾ തെറ്റുകൾ വരുത്തി. ചില കാര്യങ്ങൾ തെറ്റായി ചെയ്തു. അത് ആദ്യം സമ്മതിക്കുന്ന വ്യക്തി ഞാനായിരിക്കും,” അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിയ സമയത്തെ Qantas-ന്റെ മോശം കസ്റ്റമർ കെയർ സേവനത്തേയും ജോയ്സ് അംഗീകരിച്ചു. കോൾ സെന്ററുകളിലെ നീണ്ട കാത്തിരിപ്പ്, വിമാന സർവീസുകൾ റദ്ദാക്കൽ, ബാഗേജുകൾ നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ യാത്രക്കാരെ രോഷാകുലരാക്കിയിരുന്നു. “അന്ന് ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിഞ്ഞില്ല. അത് വീണ്ടെടുക്കാൻ കുറച്ച് സമയമെടുക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു,” അദ്ദേഹം പറഞ്ഞു.

റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് വിറ്റുവെന്ന ആരോപണത്തിൽ ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) Qantasനെതിരെ സ്വീകരിച്ച നടപടികളെയും ജോയ്സ് അഭിമുഖത്തിൽ പ്രതിരോധിച്ചു. ‘സേവനം നൽകാതെ പണം വാങ്ങി’ എന്ന രീതിയിലുള്ള ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ബന്ധപ്പെട്ട ആരോപണം പിന്നീട് റെഗുലേറ്റർ പിൻവലിച്ചെന്നും, ബാധിക്കപ്പെട്ട അന്താരാഷ്ട്ര യാത്രക്കാരിൽ 98 ശതമാനം പേരെയും യഥാർത്ഥ യാത്രാ സമയത്തിന് അടുത്തുള്ള മറ്റൊരു വിമാനത്തിൽ പുനഃക്രമീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ Qantasക്ക് $100 മില്യൺ പിഴയും $20 മില്യൺ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും ലഭിച്ചിരുന്നു. ജോയ്സിന്റെ പിൻഗാമിയായ CEO വാനെസ ഹഡ്സണാണ് റെഗുലേറ്ററുമായി ഒത്തുതീർപ്പിലെത്തിയത്. അത് ഹഡ്സന്റെ തീരുമാനമായിരുന്നുവെന്നും, അവരെ “തികച്ചും മികച്ച വ്യക്തി”യെന്നും ജോയ്സ് വിശേഷിപ്പിച്ചു.

തന്റെ 15 വർഷത്തെ CEO കാലയളവിൽ ഏകദേശം $125 മില്യൺ പ്രതിഫലം ലഭിച്ചെന്ന റിപ്പോർട്ടുകളെക്കുറിച്ചും ജോയ്സ് പ്രതികരിച്ചു. പ്രതിഫലം നിശ്ചയിച്ചത് Qantas ബോർഡാണെന്നും, പൊതുജനങ്ങൾക്ക് ആ തുക “വിശ്വസിക്കാനാകാത്തതുപോലെ” തോന്നാമെന്ന് തനിക്ക് മനസ്സിലാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2008 മുതൽ 15 വർഷം Qantasനെ നയിച്ച ജോയ്സ്, 2004ൽ ആരംഭിച്ച കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ Jetstar-നെയും വളർത്തിയെടുത്തിരുന്നു. ജോയ്സിന്റെ ആത്മകഥ ‘Riding the Jetstream’ ജൂലൈ 28ന് പുറത്തിറങ്ങാനിരിക്കെയാണ് അഭിമുഖം.

Metro Australia
maustralia.com.au