

സെൻട്രൽ ഓസ്‌ട്രേലിയയിലൂടെ വിനോദസഞ്ചാരികളായി യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ നാല് ദിവസമായി ദമ്പതികളെ കാണാതായതായി നോർത്തേൺ ടെറിട്ടറി പോലീസ് റിപ്പോർട്ട് ചെയ്തു. ആലീസ് സ്പ്രിംഗ്സിൽ നിന്ന് ഏകദേശം 138 കിലോമീറ്റർ പടിഞ്ഞാറ് ഫിങ്കെ ഗോർജ് നാഷണൽ പാർക്കിലെ പാം വാലിയിൽ വ്യാഴാഴ്ചയാണ് 64 വയസ്സുള്ള പുരുഷനെയും 58 വയസ്സുള്ള സ്ത്രീയെയും അവസാനമായി കണ്ടത്.
വിക്ടോറിയൻ രജിസ്‌ട്രേഷൻ നമ്പർ ഉള്ള സിൽവർ ഇസുസു ഡി-മാക്‌സ് പിക്കപ്പ് വാഹനം, അതിന് പിന്നിൽ ഒരു കരവാൻ എന്നിവയിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ആഴ്ച മുതൽ അവരുടെ വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകി. ദമ്പതികൾ വറ്റാറ്ക നാഷണൽ പാര്‍ക്കിലെ കിംഗ്സ് കാന്യൺ ഭാഗത്തേക്ക് യാത്ര ചെയ്തതായാണ് കരുതുന്നത്, എന്നാൽ അവർ അവിടെ എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നവംബർ 10 നാണ് കുടുംബാംഗങ്ങൾക്ക് അവസാനമായി ഇവരിൽ നിന്ന് സന്ദേശം ലഭിച്ചത്.
യുലാറ, ഹെർമാൻസ്‌ബർഗ്, മുച്ചിറ്റ്ജുലു എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരും ഫിങ്കെ നാഷണൽ പാർക്ക് റേഞ്ചർമാരും വാഹനം തിരയാൻ പട്രോളിങ്ങ് നടത്തുകയാണ്. ഈ കേസ് സർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനും കൈമാറിയിട്ടുണ്ടെന്നും, അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് ഉയർന്നാൽ ടീം വിന്യസിക്കുമെന്നും ഡാർവിൻ വാച്ച് കമാൻഡർ മാർക്ക് എഡ്വേഡ്സ് പറഞ്ഞു.