

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിൽ ആയിരക്കണക്കിന് രോഗികൾക്ക് നിലവാരമില്ലാത്ത കൊളോണോസ്കോപ്പി പരിശോധനകൾ നടത്തുകയും കാൻസർ ബാധ കണ്ടെത്താൻ പരാജയപ്പെടുകയും ചെയ്ത സർജൻ ഡോ. ലിയു-മിംഗ് ഷ്മിറ്റിനെ (Dr Liu-Ming Schmidt) പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ആൽബറി വോഡോംഗ (Albury Wodonga) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഡോക്ടറുടെ പരിശോധനയിൽ വന്ന ഗുരുതര വീഴ്ചകളെത്തുടർന്ന് മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലായി 1,934 രോഗികളോട് വീണ്ടും കൊളോണോസ്കോപ്പി നടത്താൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതിൽ പരിശോധനയ്ക്ക് വിധേയരായ 1,084 പേരിൽ 548 പേർക്ക് പോളിപ്പുകളും ഏഴ് പേർക്ക് മലദ്വാര-വൻകുടൽ കാൻസറും (Bowel Cancer) കണ്ടെത്തി.
തുടർച്ചയായി ഡോ. ഷ്മിറ്റിന്റെ അടുത്ത് പരിശോധന നടത്തി 'ക്ലിയർ' സർട്ടിഫിക്കറ്റ് ലഭിച്ച ലെയ്‌നെറ്റ് ടെയ്‌ലർ എന്ന 78-കാരി പിന്നീട് സ്റ്റേജ് 4 വൻകുടൽ കാൻസർ ബാധിച്ച് മരിച്ച സംഭവത്തിൽ വലിയ നിയമപോരാട്ടമാണ് നടക്കുന്നത്. സാധാരണയായി 20 മുതൽ 30 മിനിറ്റ് വരെ സമയമെടുത്ത് സൂക്ഷ്മമായി ചെയ്യേണ്ട കൊളോണോസ്കോപ്പി വെറും 5 മിനിറ്റിനുള്ളിലാണ് ഡോക്ടർ പൂർത്തിയാക്കിയിരുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻപ് 2019-ൽ ശസ്ത്രക്രിയയ്ക്കിടെ വരുത്തിയ ഗുരുതര പിഴവ് കാരണം 79-കാരനായ ഒരു വയോധികൻ മരിച്ച സംഭവത്തിലും ഡോക്ടർക്കെതിരെ അന്വേഷണം നടന്നിരുന്നു. എന്നാൽ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കും മെഡിക്കൽ മിസ്‌കോണ്ടക്റ്റിനും ആറുമാസത്തെ സസ്‌പെൻഷൻ തുലോം തുച്ഛമാണെന്നും ഇവർക്കെതിരെ കർശന നടപടി വേണമെന്നും കാണിച്ച് രോഗികളുടെ കുടുംബങ്ങൾ ഹെൽത്ത് കെയർ കംപ്ലയിന്റ്സ് കമ്മീഷനെ (NSW HCCC) വീണ്ടും സമീപിച്ചിരിക്കുകയാണ്.