ബ്രിസ്‌ബേൻ റോറിൽ പരിശീലനം തുടങ്ങി ഇറാനിയൻ ഫുട്ബോൾ താരങ്ങൾ; അഭയം തേടിയതിന് ശേഷം ആദ്യമായി പുറത്തു

ക്ലബ്ബിന്റെ നിറത്തിലുള്ള ജേഴ്‌സി ധരിച്ച് എലൈറ്റ് വനിതാ സ്ക്വാഡിനൊപ്പം നിൽക്കുന്ന ഇവരുടെ ചിത്രങ്ങൾ ബ്രിസ്‌ബേൻ റോർ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
പരിശീലനം തുടങ്ങി ഇറാനിയൻ ഫുട്ബോൾ താരങ്ങൾ
പരിശീലനം തുടങ്ങി ഇറാനിയൻ ഫുട്ബോൾ താരങ്ങൾ Brisbane Roar via AP
Published on

-2026

Meta Title:

Meta Description:

ബ്രിസ്‌ബേൻ: ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങളായ ഫാത്തിമ പസന്ദിദ (Fatemeh Pasandideh), ആതിഫ റംസാനിസാദെ (Atefeh Ramezanisadeh) എന്നിവർ ഓസ്‌ട്രേലിയയിലെ പ്രൊഫഷണൽ ക്ലബ്ബായ ബ്രിസ്‌ബേൻ റോറിൽ പരിശീലനം ആരംഭിച്ചു. അഭയം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഇവർ പരസ്യമായി പ്രത്യക്ഷപ്പെടുന്നത്. ക്ലബ്ബിന്റെ നിറത്തിലുള്ള ജേഴ്‌സി ധരിച്ച് എലൈറ്റ് വനിതാ സ്ക്വാഡിനൊപ്പം നിൽക്കുന്ന ഇവരുടെ ചിത്രങ്ങൾ ബ്രിസ്‌ബേൻ റോർ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. താരങ്ങൾക്ക് പിന്തുണയും കളിക്കാനുള്ള മികച്ച സാഹചര്യവും ഉറപ്പാക്കുമെന്ന് ക്ലബ്ബ് സിഇഒ കാസ് പറ്റാഫ്റ്റ വ്യക്തമാക്കി.

വിവാദമായ ഏഷ്യൻ കപ്പ് യാത്ര

വനിതാ ഏഷ്യൻ കപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇറാനിയൻ ടീം, ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വലിയ പ്രതിസന്ധിയിലായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇറാനിയൻ ദേശീയഗാനം ആലപിക്കുന്നതിനിടെ താരങ്ങൾ നിശബ്ദത പാലിച്ചത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഇറാൻ ഭരണകൂടത്തോടുള്ള പ്രതിഷേധമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടതോടെ, നാട്ടിൽ തിരിച്ചെത്തിയാൽ താരങ്ങളുടെ സുരക്ഷ അപകടത്തിലാകുമെന്ന് ആശങ്ക ഉയർന്നു. ഇതേത്തുടർന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ ഇവർക്ക് മാനുഷിക വിസ (Humanitarian Visa) വാഗ്ദാനം ചെയ്തത്.

തുടക്കത്തിൽ ടീമിലെ ആറ് താരങ്ങളും ഒരു സ്റ്റാഫും ഓസ്‌ട്രേലിയയിൽ അഭയം തേടിയിരുന്നെങ്കിലും, പിന്നീട് അഞ്ച് പേർ തീരുമാനം മാറ്റുകയും ടീമിനൊപ്പം തിരിച്ചുപോകാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനു പിന്നിൽ ഇറാൻ ഭരണകൂടത്തിന്റെ സമ്മർദ്ദമുണ്ടെന്ന് സൂചനകളുണ്ട്. നിലവിൽ ടീമിലെ മറ്റ് അംഗങ്ങൾ മലേഷ്യ വഴി ഒമാനിലേക്ക് തിരിച്ചുപോയിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ തുടരാൻ തീരുമാനിച്ച ഫാത്തിമയ്ക്കും ആതിഫയ്ക്കും ഗവൺമെന്റ് പ്രത്യേക സുരക്ഷയും താമസസൗകര്യവും ഒരുക്കിയിരിക്കുകയാണ്. "എല്ലാം ശരിയാകും" എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചുകൊണ്ട് ശുഭപ്രതീക്ഷയിലാണ് താരങ്ങൾ.

Metro Australia
maustralia.com.au