
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 107 റൺസിന് ഓസീസ് വനിതകൾ പരാജയപ്പെടുത്തി. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത പാകിസ്ഥാൻ 114 റണ്‍സിന് ഓള്‍ഔട്ടായി. 35 റൺസെടുത്ത സിദ്ര അമീൻ മാത്രമാണ് പാകിസ്ഥാനായി ചെറുത്തു നിൽക്കാൻ സാധിച്ചത്. ലക്ഷ്യം തേടി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് 31 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ ഫാത്തിമ സന 11 റണ്‍സെടുത്ത് പുറത്തായി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സിദ്ര ആമിന്‍ ചെറുത്തു നിൽപ്പാണ് പാകിസ്ഥാനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
ഓസ്‌ട്രേലിയയ്ക്കായി കിം ഗാര്‍ത്ത് മൂന്നുവിക്കറ്റെടുത്തു. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത അമ്പത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ബെത്ത് മൂണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഓസീസ് സ്‌കോര്‍ 200-കടത്തിയത്. ഓസ്‌ട്രേലിയയ്ക്കായി ബെത്ത് മൂണി സെഞ്ച്വറിയോടെ തിളങ്ങി. മൂണി 114 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത് പുറത്തായി. അലാന 49 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു.