ഫോസിൽ ഇന്ധന വില വർധന: യുഎൻ കാലാവസ്ഥാ ചർച്ചകളിൽ മുന്നറിയിപ്പ്

1.5 ഡിഗ്രി സെൽഷ്യസ് ആഗോള താപന പരിധി മറികടക്കാനുള്ള സാധ്യത ശക്തമാകുന്നതിനിടെ, ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം വേഗത്തിലാക്കണമെന്ന് രാജ്യങ്ങളോട് ആഹ്വാനം.
ഫോസിൽ ഇന്ധന വില വർധന: യുഎൻ കാലാവസ്ഥാ ചർച്ചകളിൽ മുന്നറിയിപ്പ്
സൈമൺ സ്റ്റീൽ(Photograph: Murad Sezer/Reuters)
Published on: 

ഫോസിൽ ഇന്ധനങ്ങളുടെ ആഗോള വിലപ്രതിസന്ധി ലോകമെങ്ങും അർബുദം പോലെ പണപ്പെരുപ്പം പടർത്തുകയാണെന്ന് യുഎൻ കാലാവസ്ഥാ ചർച്ചകളുടെ മുഖ്യ ചർച്ചാ പ്രതിനിധി സൈമൺ സ്റ്റീൽ. തുർക്കിയിൽ തിങ്കളാഴ്ച ആരംഭിച്ച കോപ് 31 കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓയിൽ, കൽക്കരി, പ്രകൃതിവാതകം എന്നിവയെ ആശ്രയിക്കുന്ന നിലവിലെ ഊർജവ്യവസ്ഥയ്ക്ക് പകരമായി പുനരുപയോഗ ഊർജവും വൈദ്യുതീകരണവും പ്രോത്സാഹിപ്പിക്കണമെന്ന് ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന തുർക്കിയും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഓസ്‌ട്രേലിയയും ആവശ്യപ്പെട്ടു.

രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് തുർക്കിയുടെ പ്രതീക്ഷ. 95-ലധികം രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ആഗോള നേതാക്കളുടെ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികൾ മന്ദഗതിയിലാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ചർച്ചകൾ ആരംഭിച്ചത്. 2015-ലെ പാരിസ് ഉടമ്പടിയിൽ രാജ്യങ്ങൾ ലക്ഷ്യമിട്ട 1.5 ഡിഗ്രി സെൽഷ്യസ് താപന പരിധി മറികടക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഈ വർഷം സ്ഥിരീകരിച്ചിരുന്നു. ആഗോള താപനം കുറഞ്ഞത് 1.8 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് വിലയിരുത്തൽ.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ദുർബല വിഭാഗങ്ങളാണെന്ന് സ്റ്റീൽ പറഞ്ഞു. നിലവിലെ ഫോസിൽ ഇന്ധന വിലയിലെ അസ്ഥിരത ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാഖുമായുള്ള യുദ്ധവും എണ്ണവിതരണത്തിലെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ആഗോളതലത്തിൽ പെട്രോൾ വില 50 ശതമാനം വരെ ഉയരാൻ കാരണമായെന്നാണ് റിപ്പോർട്ട്. ഇത് പണപ്പെരുപ്പം വർധിപ്പിക്കുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയും ചെയ്തു.

ഫോസിൽ ഇന്ധന വില വർധന: യുഎൻ കാലാവസ്ഥാ ചർച്ചകളിൽ മുന്നറിയിപ്പ്
ഓസ്‌ട്രേലിയൻ കാലാവസ്ഥാ മന്ത്രി ക്രിസ് ബോവൻ (Photograph: Murad Sezer/Reuters)

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും രാജ്യങ്ങളോട് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വേഗത്തിൽ കുറയ്ക്കാനും ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള നീതിപൂർവമായ മാറ്റം ഉറപ്പാക്കാനും ആവശ്യപ്പെട്ടു. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ നേരിടുന്ന ദുർബല രാജ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും സംരക്ഷണവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഓസ്‌ട്രേലിയൻ കാലാവസ്ഥാ മന്ത്രി ക്രിസ് ബോവൻ, 1.5 ഡിഗ്രി ലക്ഷ്യം മറികടന്നാലും കൂട്ടായ പ്രവർത്തനത്തിലൂടെ സുരക്ഷിതമായ താപനിലയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തരമായും ഐക്യത്തോടെയും പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ഏറ്റവും കൂടുതൽ നേരിടുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും 1.5 ഡിഗ്രി ലക്ഷ്യം ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ട് 20 രാജ്യങ്ങൾ അടങ്ങുന്ന കൂട്ടായ്മയും രംഗത്തെത്തി. ഈ പരിധി അപകടത്തിലാണെങ്കിലും അതിനെ മറികടക്കാനുള്ള സാധ്യത പ്രവർത്തനരാഹിത്യത്തിന് ന്യായീകരണമാകരുതെന്ന് മാർഷൽ ദ്വീപുകളുടെ പരിസ്ഥിതി ഉദ്യോഗസ്ഥൻ ജെസ് ഗാസ്പർ പറഞ്ഞു. സമുദ്രനിരപ്പ് ഉയരുന്നത് ഗുരുതരമായി ഭീഷണിയാകുന്ന മാർഷൽ ദ്വീപുകളിൽ കടൽഭിത്തി നിർമിക്കാനുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായം ലഭിക്കാൻ എട്ട് വർഷമെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read
റസ്സൽ ബ്രാൻഡിന് 10 വർഷവും ആറുമാസവും തടവുശിക്ഷ
ഫോസിൽ ഇന്ധന വില വർധന: യുഎൻ കാലാവസ്ഥാ ചർച്ചകളിൽ മുന്നറിയിപ്പ്

ഉച്ചകോടിയുടെ ആദ്യദിനം ചർച്ചകളുടെ അജണ്ടയെച്ചൊല്ലി തർക്കങ്ങളൊന്നുമുണ്ടായില്ല. ഇത് അനുകൂല സൂചനയായാണ് പ്രതിനിധികൾ വിലയിരുത്തുന്നത്. വൈദ്യുതീകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ സന്നദ്ധ ലക്ഷ്യം അന്തിമ തീരുമാനത്തിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയും ശക്തമാണ്. നിലവിൽ ആകെ ഊർജ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് വൈദ്യുതിയിൽ നിന്നുള്ളത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് മൂന്നിലൊന്നായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ക്രിസ് ബോവൻ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ ഇതിനായി വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര ഊർജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ, വൈദ്യുതിയുടെ കാലഘട്ടത്തിലേക്കാണ് ലോകം കടക്കുന്നതെന്നും പുതിയ ലക്ഷ്യം ഈ മാറ്റത്തിന് കൂടുതൽ വേഗം നൽകുമെന്നും പറഞ്ഞു. 2035-ലെ വൈദ്യുതീകരണ ലക്ഷ്യത്തിന് രാജ്യങ്ങൾ പിന്തുണ നൽകിയാൽ പുനരുപയോഗ ഊർജത്തിനും ആണവോർജത്തിനും കൂടുതൽ നിക്ഷേപം ആകർഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2030-ഓടെ പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കാൻ 2023-ലെ കാലാവസ്ഥാ ഉച്ചകോടിയിൽ രാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. പുതിയ വൈദ്യുതീകരണ ലക്ഷ്യം കൂടി അംഗീകരിക്കപ്പെടുന്നത് ഊർജ വിപണിക്ക് ശക്തമായ സന്ദേശമാകുമെന്നാണ് വിലയിരുത്തൽ.