ഇന്ധനം ലാഭിക്കാൻ 'എവരി ലിറ്റിൽ ബിറ്റ് ഹെൽപ്‌സ്'; പുതിയ ക്യാമ്പയിനുമായി ഓസ്‌ട്രേലിയൻ സർക്കാർ

ഏകദേശം 20 മില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ദേശീയ ഇന്ധന സുരക്ഷാ പ്ലാനിന്റെഭാഗമായാണ് നടപ്പിലാക്കുന്നത്.
ഇന്ധനം ലാഭിക്കാൻ 'എവരി ലിറ്റിൽ ബിറ്റ് ഹെൽപ്‌സ്'; പുതിയ ക്യാമ്പയിനുമായി ഓസ്‌ട്രേലിയൻ സർക്കാർ
(Supplied: Australian Federal Government)
Published on

കാൻബറ: ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇന്ധനം ലാഭിക്കുന്നതിനായി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള മൾട്ടി മില്യൺ ഡോളർ ക്യാമ്പയിനുമായി ഓസ്‌ട്രേലിയൻ സർക്കാർ. 'എവരി ലിറ്റിൽ ബിറ്റ് ഹെൽപ്‌സ്' (Every little bit helps) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രചാരണം വരും തിങ്കളാഴ്ച മുതൽ ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ, ബിൽബോർഡുകൾ എന്നിവ വഴി രാജ്യവ്യാപകമായി ആരംഭിക്കും.

വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, അനാവശ്യ ഭാരം ഒഴിവാക്കുക, കൃത്യമായ വേഗതയിൽ വാഹനം ഓടിക്കുക തുടങ്ങിയ ലളിതമായ മാർഗ്ഗങ്ങളിലൂടെ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ പരസ്യം ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഏകദേശം 20 മില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ദേശീയ ഇന്ധന സുരക്ഷാ പ്ലാനിന്റെഭാഗമായാണ് നടപ്പിലാക്കുന്നത്. നിലവിൽ രാജ്യം ഇന്ധന സുരക്ഷാ പ്ലാനിന്റെ രണ്ടാം ഘട്ടമായ 'കീപ്പ് ഓസ്‌ട്രേലിയ മൂവിംഗ്' (Keep Australia moving) എന്ന ഘട്ടത്തിലാണെന്ന് ഇൻഫ്രാസ്ട്രക്ചർ മന്ത്രി കാതറിൻ കിംഗ് വ്യക്തമാക്കി. അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഓരോ പൗരന്റെയും സഹകരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി ഇന്ധന വിതരണ കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി ആന്തണി അൽബാനിസി തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. നിലവിൽ ഓസ്‌ട്രേലിയയിൽ 38 ദിവസത്തെ പെട്രോളും 31 ദിവസത്തെ ഡീസലും 28 ദിവസത്തെ ജെറ്റ് ഫ്യൂവലും കരുതൽ ശേഖരമായുണ്ടെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. അടുത്ത ഒരു മാസത്തേക്ക് ആവശ്യമായ 4.1 ബില്യൺ ലിറ്റർ ഇന്ധനം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്നും 57 ഇന്ധന ടാങ്കറുകൾ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ധന സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പ്രത്യേക ഡാറ്റാ ഡാഷ്‌ബോർഡ് സ്ഥാപിക്കണമെന്ന് പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
Metro Australia
maustralia.com.au