ചൂതാട്ട പരസ്യങ്ങൾ ഭാഗികമായി തടയാൻ ഓസ്‌ട്രേലിയ; സമ്പൂർണ്ണ നിരോധനം വേണമെന്ന് 77% ജനങ്ങൾ

ചൂതാട്ട പരസ്യങ്ങൾ പൂർണ്ണമായി നിരോധിക്കണമെന്ന് രാജ്യത്തെ 77 ശതമാനം ജനങ്ങളും ആവശ്യപ്പെടുമ്പോഴാണ് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
ചൂതാട്ട പരസ്യങ്ങൾ ഭാഗികമായി തടയാൻ ഓസ്‌ട്രേലിയ; സമ്പൂർണ്ണ നിരോധനം വേണമെന്ന് 77% ജനങ്ങൾ
ABC News: Jessica Hayes
Published on

കാൻബറ: ഓസ്‌ട്രേലിയയിലെ കായികരംഗത്തെയും മാധ്യമങ്ങളെയും ഗ്രസിച്ചിരിക്കുന്ന ശതകോടികളുടെ ചൂതാട്ട പരസ്യങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താതെ, നിയന്ത്രണങ്ങൾ മാത്രം കൊണ്ടുവരാനുള്ള പ്രധാനമന്ത്രി ആന്റണി അൽബനീസ്‌ സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത അതൃപ്തി. ചൂതാട്ട പരസ്യങ്ങൾ പൂർണ്ണമായി നിരോധിക്കണമെന്ന് രാജ്യത്തെ 77 ശതമാനം ജനങ്ങളും ആവശ്യപ്പെടുമ്പോഴാണ് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

ചൂതാട്ട പരസ്യങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഡീക്കിൻ സർവ്വകലാശാല നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കായിക മത്സരങ്ങൾ കാണുമ്പോൾ കളിയിലുപരി പണം വെച്ചുള്ള ബെറ്റിംഗിനും അതിന്റെ ലാഭനഷ്ടങ്ങൾക്കുമാണ് കുട്ടികൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പബ്ലിക് ഹെൽത്ത് വിദഗ്ദ്ധ സമന്ത തോമസ് പറഞ്ഞു. മനുഷ്യജീവനുകളെപ്പോലും ഇല്ലാതാക്കുന്ന ഈ വിപത്തിനെ പ്രോത്സാഹിപ്പിക്കുന്ന കമ്പനികളുടെ വാണിജ്യ താല്പര്യങ്ങൾക്കാണ് ജനക്ഷേമത്തേക്കാൾ സർക്കാർ വില കൽപ്പിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ഭരണകൂടത്തെ സ്വാധീനിച്ച് ലോബികൾ;

2023-ൽ പുറത്തുവന്ന ലാൻഡ്മാർക്ക് റിപ്പോർട്ടായ 'മർഫി റിവ്യൂ' , രാജ്യത്ത് ചൂതാട്ട പരസ്യങ്ങൾ പൂർണ്ണമായി നിരോധിക്കണമെന്നും പ്രത്യേക നാഷണൽ റെഗുലേറ്റർ സ്ഥാപിക്കണമെന്നും ശക്തമായി ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് വലിയ തോതിൽ ഫണ്ട് നൽകുന്ന ചൂതാട്ട കമ്പനികളും, എഫ്.എൽ (AFL), എൻ.ആർ.എൽ (NRL) തുടങ്ങിയ വൻകിട കായിക കോഡുകളും ബ്രോഡ്കാസ്റ്റർമാരും സർക്കാരിൽ ചെലുത്തിയ കടുത്ത സമ്മർദ്ദമാണ് ഈ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ കാരണം. പാർലമെന്റിൽ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ മുൻ സർക്കാർ മന്ത്രിമാർ ഉൾപ്പെടെ 280-ലധികം ലോബിയിസ്റ്റുകളാണ് ചൂതാട്ട വ്യവസായത്തിനായി പ്രവർത്തിക്കുന്നത്.

പൂർണ്ണ നിരോധനം ഏർപ്പെടുത്തിയാൽ രാജ്യത്തിന് ആരോഗ്യ-സാമ്പത്തിക മേഖലകളിൽ 332 ബില്യൺ ഡോളറിന്റെ സാമൂഹിക നേട്ടമുണ്ടാകുമെന്ന് സർക്കാർ ഏജൻസികളുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ബ്രോഡ്കാസ്റ്റർമാരുടെയും സ്പോർട്സ് ലീഗുകളുടെയും വരുമാന നഷ്ടം ഒഴിവാക്കാൻ, കുറഞ്ഞ നേട്ടം മാത്രം നൽകുന്ന ഭാഗിക നിയന്ത്രണങ്ങൾ (Option 2) കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് പരസ്യങ്ങളുടെ സമയം പരിമിതപ്പെടുത്തൽ, സോഷ്യൽ മീഡിയയിൽ മുതിർന്നവർക്ക് ഒപ്റ്റ്-ഔട്ട് സംവിധാനം, സ്റ്റേഡിയങ്ങളിലെയും ജേഴ്സികളിലെയും സ്പോൺസർഷിപ്പുകൾ ഘട്ടംഘട്ടമായി നിർത്തലാക്കൽ എന്നിവയാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്യുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ വിപണി തന്ത്രങ്ങളിലൂടെ യുവാക്കൾക്കിടയിൽ ഓൺലൈൻ ചൂതാട്ടം ഒരു ലഹരിയായി മാറ്റിയെടുക്കാൻ ഈ കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എ.എൻ.യു സെന്റർ ഫോർ ഗാംബ്ലിങ് റിസർച്ച് ഡയറക്ടർ ഐനോ സുവോമി വ്യക്തമാക്കുന്നു. 18 വയസ്സ് തികയുന്നതോടെ ബാറുകളിൽ പോയി മദ്യം കഴിച്ചിരുന്ന പഴയ തലമുറയ്ക്ക് പകരം പുതിയ തലമുറ ബെറ്റിംഗ് ആപ്പുകൾ തുറക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ചയെന്നും അവർ സങ്കടത്തോടെ ഓർമ്മിപ്പിച്ചു. വരും ദിവസങ്ങളിൽ ഈ ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഗ്രീൻസ് പാർട്ടിയും സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്കും (David Pocock) ശക്തമായ ഭേദഗതികൾ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

Metro Australia
maustralia.com.au