
മെൽബൺ നഗരത്തിന്റെ വടക്കുഭാഗത്ത് പുതിയൊരു നഗരമൊരുക്കാനുള്ള പദ്ധതിക്ക് ഫെഡറൽ സർക്കാരിന്റെ ധനസഹായം. മൂന്നു മെൽബൺ കൗൺസിലുകൾ ചേർന്ന് വാണിജ്യ, സാംസ്കാരിക, സാമൂഹിക ജീവിതത്തിന്റെ പുതിയ കേന്ദ്രമൊരുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇൻഫ്രാസ്ട്രക്ചർ, പ്രാദേശിക വികസന മന്ത്രി കാതറിൻ കിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ, വേഗത്തിൽ വളരുന്ന മെൽബണിന്റെ വടക്കൻ പ്രദേശത്ത് വലിയൊരു നഗരപദ്ധതി ആവിഷ്കരിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫെഡറൽ സർക്കാർ നഗരത്തിന് 2.6 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. “ഓസ്ട്രേലിയയിലെ ഏറ്റവും പ്രതീക്ഷാഭരിതമായ നഗര പദ്ധതികളിൽ ഒന്നായി” വിലയിരുത്തപ്പെടുന്ന ഈ പദ്ധതി ക്ലോവർടൺ ബൂളെവാർഡ് (കൽകല്ലോ) പ്രദേശത്ത് ഒരു പുതിയ സിറ്റി സെന്റർ രൂപപ്പെടുത്തലാണ് ലക്ഷ്യമിടുന്നത്. ഡെവലപ്പർ സ്റ്റോക്ലാൻഡ് നയിക്കുന്ന ഈ ക്ലോവർടൺ മാസ്റ്റർപ്ലാൻഡ് കമ്മ്യൂണിറ്റി 2015-ൽ ആരംഭിച്ച പദ്ധതിയാണ്. വിക്ടോറിയയിലെ ഏറ്റവും വലിയ ആസൂത്രിത ഹൗസിംഗ് കമ്മ്യൂണിറ്റിയായാവും ഇത് പൂർത്തിയാവുക.
“Pioneering Urban Innovation: Planning a New City in Melbourne’s North” എന്ന പേരിൽ ഹ്യൂം സിറ്റി കൗൺസിൽ നയിക്കുന്ന ഈ പദ്ധതി മിക്ക്ലഹാം, കൽകല്ലോ, ഡോണിബ്രൂക്ക്, ബെവർറിഡ്ജ്, വല്ലൻ എന്നിവിടങ്ങളിൽ ഏകദേശം 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. പൂർണ്ണമായും വികസിച്ചശേഷം ഈ പ്രദേശങ്ങളിലെ ആകെ ജനസംഖ്യ 3.8 ലക്ഷം വരെ എത്തുമെന്ന് കണക്കാക്കുന്നു. $150 മില്യൺ മൂല്യമുള്ള Urban Precincts and Partnerships Program (UPPP) മുഖേനയാണ് ഫെഡറൽ സർക്കാരിന്റെ ധനസഹായം ലഭിക്കുന്നത്. ഈ ഫണ്ട് നഗരപദ്ധതിയുടെ പ്രാഥമിക ഘട്ടമായ ആസൂത്രണത്തിനായി ഉപയോഗിക്കും.