

ഓസ്ട്രേലിയയിൽ ഇ-സ്കൂട്ടർ അപകടങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. 12 മുതൽ 15 വയസ്സുവരെയുള്ള ആൺകുട്ടികളിൽ ഇ-സ്കൂട്ടറിൽ നിന്ന് വീണുണ്ടാകുന്ന അപകടങ്ങളെ തുടർന്നുള്ള ആശുപത്രിവാസം 2019–20 മുതൽ 2024–25 വരെയുള്ള കാലയളവിൽ 15 മടങ്ങ് വർധിച്ചതായി ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (AIHW) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതേ പ്രായത്തിലുള്ള പെൺകുട്ടികളെ അപേക്ഷിച്ച് ഇ-സ്കൂട്ടറിൽനിന്ന് വീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ആൺകുട്ടികൾക്ക് നാലിരട്ടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇ-ബൈക്ക് യാത്രക്കാർക്കിടയിലും ആശുപത്രിവാസ നിരക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ, അപകടങ്ങളുടെ വർഗീകരണരീതിയിലെ പരിമിതികൾ കാരണം കൃത്യമായ കണക്കുകൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ട മരണങ്ങളും കഴിഞ്ഞ പത്തുവർഷത്തിനിടെ വർധിച്ചു. 2014–15ൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2024–25ൽ ഇത് 20 ആയി. എന്നാൽ, ആകെ മരണങ്ങളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ അനുപാതത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ തുടങ്ങിയ വൈദ്യുത ഗതാഗത ഉപകരണങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ ഈ വർഷം ജൂലൈയിൽ പുതിയ വർഗീകരണ കോഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അപകടസാധ്യതകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്ന് AIHW വക്താവ് ജാക്വലിൻ റെക് പറഞ്ഞു. ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും ഉൾപ്പെട്ട അപകടങ്ങളുടെ കൃത്യമായ എണ്ണമായി നിലവിലെ കണക്കുകളെ കാണരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ
ഇ-ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ക്വീൻസ്ലൻഡിൽ മാത്രം സ്വകാര്യ ഉടമസ്ഥതയിലുള്ള ഇത്തരം ഉപകരണങ്ങളുടെ എണ്ണം പത്തുലക്ഷത്തോടടുത്തതായി ക്വീൻസ്ലൻഡ് സർവകലാശാലയുടെ ഗവേഷണം വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ഓരോ വർഷവും ഇ-മൊബിലിറ്റി ഉപകരണങ്ങളുടെ വാങ്ങലിൽ 30 ശതമാനം വളർച്ചയുണ്ടായതായി ഗവേഷണത്തിൽ പങ്കെടുത്ത റിച്ചാർഡ് ജെ. ബ്യൂണിങ് പറഞ്ഞു. അനുവദനീയമായതിലും കൂടുതൽ ശേഷിയുള്ള ഇ-ബൈക്കുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉപകരണങ്ങളുമാണ് പ്രധാന ആശങ്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടസാധ്യത കുറയ്ക്കുന്നതിനായി യൂറോപ്യൻ യൂണിയനിലേതിന് സമാനമായ കർശനമായ ഇ-ബൈക്ക് ഇറക്കുമതി മാനദണ്ഡങ്ങൾ ഓസ്ട്രേലിയൻ ഫെഡറൽ സർക്കാർ കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നു. അമിതശേഷിയുള്ളതും നിയമവിരുദ്ധവുമായ ഉപകരണങ്ങളുടെ ലഭ്യത നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇ-ബൈക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ക്വീൻസ്ലൻഡ് മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ബ്യൂണിങ് പറഞ്ഞു. സംസ്ഥാനത്ത് ഇ-ബൈക്ക് ഉപയോഗിക്കുന്നവർക്ക് 16 വയസ്സ് പൂർത്തിയായിരിക്കണം. ലേണേഴ്സ് ലൈസൻസ് ഉൾപ്പെടെ സാധുവായ ഡ്രൈവിങ് ലൈസൻസും ആവശ്യമാണ്.
ഡ്രൈവിങ് ലൈസൻസില്ലാത്ത 16, 17 വയസ്സുകാരുൾപ്പെടെ 12 മുതൽ 17 വയസ്സുവരെയുള്ളവർക്ക് രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാത്രമേ ഇ-ബൈക്കോ ഇ-സ്കൂട്ടറോ ഉപയോഗിക്കാനാകൂ. അതേസമയം, ഇ-ബൈക്കുകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിനോട് ബ്യൂണിങ് വിയോജിച്ചു. യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തിന്റെ സുരക്ഷാ പരിശോധനാ പദ്ധതിയെ അദ്ദേഹം പിന്തുണച്ചു.
2027 മാർച്ച് മുതൽ ക്വീൻസ്ലൻഡിൽ പൊതുനിരത്തുകളിൽ ഉപയോഗിക്കുന്ന എല്ലാ ഇ-ബൈക്കുകൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്നതായി വ്യക്തമാക്കുന്ന ലേബൽ നിർബന്ധമാകും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉപകരണങ്ങൾ വിൽക്കുന്നത് തടയുന്നതിനൊപ്പം അവ പൊതുനിരത്തുകളിൽ നിയമപരമായി ഉപയോഗിക്കാനാവില്ലെന്ന വിവരം ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിലെ സുരക്ഷിതമല്ലാത്ത വാഹന ഉപയോഗം കുറയ്ക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും വിദഗ്ധൻ നിർദേശിച്ചു. സുരക്ഷിതമായി ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും ഓടിക്കേണ്ടതെങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ-മൊബിലിറ്റി ഉപകരണങ്ങൾ ഉപയോഗിക്കുന്നവരിൽ 70 ശതമാനവും 40 വയസ്സിന് മുകളിലുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, യുവാക്കളുടെ അപകടകരമായ ഉപയോഗം മാത്രം പൊതുജനശ്രദ്ധയിൽ വരുന്നത് ഇത്തരം ഉപകരണങ്ങളുടെ മൊത്തത്തിലുള്ള പ്രയോജനങ്ങളെക്കുറിച്ചുള്ള ധാരണയെ ബാധിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.