

ജൂനിയർ മാസ്റ്റർഷെഫ് ഓസ്‌ട്രേലിയയുടെ അവതാരകയായി ഡച്ചസ് ഓഫ് സസെക്സ് മേഗൻ മാർക്കിൾ വീണ്ടും ഓസ്‌ട്രേലിയയിലെത്തും. ഈ വർഷം ഏപ്രിലിൽ മാസ്റ്റർഷെഫ് ഓസ്‌ട്രേലിയയിൽ അതിഥി വിധികർത്താവായി പങ്കെടുത്ത മേഗൻ, പുതിയ പരിപാടിയിലൂടെ പാചക റിയാലിറ്റി ഷോയുടെ ടീമിനൊപ്പം വീണ്ടും ചേരുകയാണ്.
ഭർത്താവ് ഹാരി രാജകുമാരനൊപ്പം ഓസ്‌ട്രേലിയ സന്ദർശിച്ച വേളയിലാണ് മേഗൻ നേരത്തെ മാസ്റ്റർഷെഫിൽ അതിഥി വിധികർത്താവായി എത്തിയത്. കുട്ടികളായ മത്സരാർഥികൾക്കൊപ്പം പ്രവർത്തിക്കാൻ വീണ്ടും ക്ഷണം ലഭിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നുവെന്ന് മേഗൻ പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം കുട്ടികൾക്കൊപ്പം പാചകം ചെയ്യുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും ഈ യുവപ്രതിഭകൾ അടുക്കളയിൽ ഒരുക്കുന്ന വിഭവങ്ങൾ കാണുന്നത് രസകരമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ആറുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജൂനിയർ മാസ്റ്റർഷെഫ് ഓസ്‌ട്രേലിയ തിരിച്ചെത്തുന്നതെന്ന് നെറ്റ്‌വർക്ക് 10 വക്താവ് അറിയിച്ചു. മേഗനൊപ്പം പോ ലിങ് യോവും വിധികർത്താവായി പ്രവർത്തിക്കും. ഈ വർഷം മേഗനൊപ്പം ചിത്രീകരണത്തിൽ പങ്കെടുത്തത് മനോഹരമായ അനുഭവമായിരുന്നുവെന്നും വീണ്ടും ഒന്നിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നും പോ ലിങ് യോവ് പറഞ്ഞു. പാചകത്തിൽ മികവ് തെളിയിക്കാൻ എത്തുന്ന കൊച്ചുപ്രതിഭകളെ കാണാൻ കാത്തിരിക്കുകയാണെന്നും രുചികരമായ വിഭവങ്ങൾക്കൊപ്പം രസകരമായ അനുഭവങ്ങളും പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.
2027ൽ ഏതാനും ആഴ്ചകളിലായി മെൽബണിലെ മാസ്റ്റർഷെഫ് ഓസ്‌ട്രേലിയ കിച്ചണിലായിരിക്കും പരിപാടിയുടെ ചിത്രീകരണം നടക്കുക. 2020ന്റെ തുടക്കത്തിൽ ഹാരിയും മേഗനും രാജകീയ ചുമതലകളിൽനിന്ന് പിന്മാറിയിരുന്നു. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയയിൽ സാന്താ ബാർബറയ്ക്കു സമീപമുള്ള മോണ്ടെസിറ്റോയിലായിരുന്നു താമസം. ആറുവർഷത്തെ അമേരിക്കൻ ജീവിതത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റിൽ കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.